ബംഗളൂരു: അല്ലു അര്‍ജുന്‍ നായകനായ തെലുങ്ക് ചിത്രം ‘പുഷ്പ’ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് രക്തചന്ദനം കടത്താന്‍ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ യാസിന്‍ ഇനയിത്തുള്ളയടക്കം മൂന്ന് പേരാണ് ചന്ദനം കടത്തുന്നതിനിടെ പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ തിരുവള്ളൂര്‍ എസ്പി വരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പുഷ്പയുടെ സംഭാഷണങ്ങളും ഗാനങ്ങളും വളരെയധികം ശ്രദ്ധനേടിയിരുന്നു. സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും ഉള്‍പ്പെടെ നിരവധിപേരാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പുഷ്പയുടെ ഡയലോഗുകളും പാട്ടുകളും ഉള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ അല്ലു അര്‍ജുന്‍ ചന്ദനം കടത്തുന്നുണ്ട്. ഈ ദൃശ്യങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് യാസിനും സംഘവും ചന്ദനം കടത്തിയത്.
ആദ്യം ട്രക്കില്‍ രക്തചന്ദനം കയറ്റി ശേഷം അതിനു മുകളില്‍ പഴങ്ങളും പച്ചക്കറി നിറച്ച പെട്ടികളും അടുക്കി. വാഹനത്തില്‍ കൊവിഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ എന്ന സ്റ്റിക്കറും ഒട്ടിച്ചിരുന്നു. 2.45 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടി ട്രക്കില്‍ നിന്നും കണ്ടെത്തി. യാസിന്റെ പിന്നിലെ ശൃംഖലയെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.