KeralaNews

സമരപ്പന്തൽ തകര്‍ത്തു, മൃതദേഹം പിടിച്ചെടുത്ത് പൊലീസ്, ആശുപത്രിയിലേക്ക് മാറ്റി; കോതമംഗലത്ത് നാടകീയ സംഭവങ്ങൾ

കോതമംഗലം: കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരുടെ കൈയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. മൃതദേഹം സൂക്ഷിച്ച ഫ്രീസര്‍ റോഡിലൂടെ വലിച്ചുകൊണ്ടുപോയി പിന്നീട് ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. എന്നാൽ കളക്ടറുമായി വിഷയം ചര്‍ച്ച ചെയ്യാനിരിക്കെ പൊലീസ് മൃതദേഹം പിടിച്ചെടുത്തതിനെ കോൺഗ്രസ് വിമര്‍ശിച്ചു. സര്‍ക്കാരിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ കുറ്റപ്പെടുത്തി.

കോതമംഗലത്ത് റോഡിൽ മൃതദേഹം വച്ചായിരുന്നു കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തിൽ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകണമെന്നായിരുന്നു ആവശ്യം. പിന്നീട് ജില്ലാ കളക്ടര്‍ നേരിട്ട് സ്ഥലത്തെത്തി ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടു. ഇതിന് കളക്ടര്‍ തയ്യാറായില്ല.

കളക്ടറെ സര്‍ക്കാര്‍ തടയുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.  റോഡിൽ ഷെഡ് കെട്ടിയാണ് മൃതദേഹം വച്ചിരുന്നത്. ഈ ഷെഡ് പൊളിച്ച പൊലീസ് പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയ ശേഷം മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസര്‍ പൊലീസുകാര്‍ ഇവിടെ നിന്നും വലിച്ചുമാറ്റി. ഇതിനിടയിൽ മരിച്ച സ്ത്രീയുടെ ബന്ധുക്കളെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെന്നാണ് ആരോപണം. 

ഡിവൈഎസ്പി അടക്കമുള്ളവരെ പിടിച്ചുതള്ളിയ ജനപ്രതിനിധികളും പോലീസും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണുണ്ടായത്. ഉത്തരവാദിത്തപ്പെട്ടവര്‍ എത്താതെ തുടർനടപടകൾക്ക് അ‌നുവദിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്. നേരത്തേ, പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾ കോൺഗ്രസ് നേതാക്കൾ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് ആശുപത്രിയിലും സംഘർഷാവസ്ഥയുണ്ടായി.

നേര്യമം​ഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര 70 ആണ് ഇന്ന് രാവിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടന ആക്രമിക്കുകയായിരുന്നു. കോതമം​ഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. മൃതദേഹം കോതമം​ഗലം താലൂക്ക് ആശുപത്രിയിലായിരുന്നു. ഇൻക്വസ്റ്റ് നടപടിക്കായി പൊലീസ് എത്തിയപ്പോൾ തടഞ്ഞ കോൺഗ്രസ് നേതാക്കൾ മൃതദേഹവുമായി റോഡിലേക്ക് പോവുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker