News

ഷാബാ ഷെരീഫ് വധം: മൂന്നു പ്രതികൾ കുറ്റക്കാർ

മഞ്ചേരി : മൈസൂരുവിലെ പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു കൊലപ്പെടുത്തിയ കേസില്‍ ഒന്നാം ഷൈബിന്‍ അഷ്‌റഫ് ഉള്‍പ്പെടെ മൂന്ന് പേര്‍ കുറ്റക്കാര്‍. മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വിധി പിന്നീട് പറയും. രണ്ടാം പ്രതി സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി പൊന്നക്കാരന്‍ ഷിഹാബുദ്ദീനും ആറാം പ്രതി ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട നടുത്തൊടിക നിഷാദും കുറ്റക്കാരാണെന്ന് കണ്ടെത്തി. ബാക്കിയുള്ളവരെ വെറുതെ വിട്ടു.

കുറ്റാക്കാര്‍ക്കുള്ള ശിക്ഷാ വിധി മറ്റെന്നാള്‍ കോടതി പറയും. ഷാബാ ഷെരീഫിന്റെ മരണം കോടതി സ്ഥിരീകരിച്ചുവെന്നതാണ് നിര്‍ണ്ണായകം. മരിക്കണമെന്ന ഉദ്ദേശത്തോടെയുള്ള കൊലപാതകമല്ല ഇതെന്നാണ് കോടതിയുടെ നിരീക്ഷണം. അപ്പോഴും മൃതദേഹമില്ലാത്ത കേസില്‍ കൊലപാതകം തെളിഞ്ഞിരിക്കുന്നു.

കേസിലെ പതിനഞ്ചു പ്രതികളില്‍ മുഖ്യപ്രതി നിലമ്പൂര്‍ സ്വദേശി ഷൈബിന്‍ അഷ്‌റഫ്, ഭാര്യ ഹസ്ന എന്നിവര്‍ ഉള്‍പ്പെടെ പതിമൂന്നുപേരാണ് വിചാരണ നേരിട്ടത്. പ്രതികളിലൊരാളായ കുന്നേക്കാടന്‍ ഷമീം ഇപ്പോഴും ഒളിവിലാണ്. ഒളിവിലായിരുന്ന മറ്റൊരു പ്രതി മുക്കട്ട കൈപ്പഞ്ചേരി ഫാസില്‍ (33) വൃക്കരോഗത്തെത്തുടര്‍ന്ന് ഗോവയില്‍ മരിച്ചിരുന്നു. ഏഴാംപ്രതി ബത്തേരി തങ്ങളകത്ത് നൗഷാദിനെ മാപ്പുസാക്ഷിയാക്കി. ബാക്കിയുള്ളവര്‍ റിമാന്‍ഡിലാണ്. എണ്‍പതുസാക്ഷികളെ കോടതി വിസ്തരിച്ചു. മാപ്പുസാക്ഷിയുടെ മൊഴി അതിനിര്‍ണ്ണായകമായി. ഷാബാ ഷെരീഫിന്റെ മൃതദേഹം കിട്ടിയിരുന്നില്ല. എന്നിട്ടും ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തില്‍ കൊലപാതകം അടക്കം തെളിയിക്കാന്‍ പോലീസിനായി. അതുകൊണ്ടാണ് മൂന്ന് പ്രതികളെ ശിക്ഷിക്കുന്നത്.

മൂലക്കുരു ചികിത്സിച്ചു ഭേദപ്പെടുത്തിയിരുന്ന ഷാബാ ഷെരീഫില്‍നിന്ന് ഇതിന്റെ ഒറ്റമൂലി രഹസ്യം ചോര്‍ത്താന്‍ 2019 ഓഗസ്റ്റ് ഒന്നിന് നിലമ്പൂര്‍ മുക്കട്ട സ്വദേശിയായ വ്യവസായി ഷൈബിന്‍ അഷ്‌റഫിന്റെ സംഘം അദ്ദേഹത്തെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്നു മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചുവെന്നും രഹസ്യം കൈമാറാതെ വന്നതോടെ 2020 ഒക്ടോബര്‍ എട്ടിന് കൊലപ്പെടുത്തിയെന്നുമാണ് കേസ്. മൃതദേഹം കഷണങ്ങളാക്കി ചാക്കില്‍കെട്ടി ചാലിയാറില്‍ ഒഴുക്കി. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോര്‍ത്തി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം. വാഗ്ദാനംചെയ്ത പ്രതിഫലം നല്‍കാതെവന്നതോടെ കൂട്ടുപ്രതികള്‍ ഷൈബിന്‍ അഷ്‌റഫിനെ ബന്ദിയാക്കി പണം കവര്‍ന്നു.

ഷൈബിന്‍ പോലീസില്‍ പരാതിനല്‍കി. ഷൈബിനില്‍നിന്ന് വധഭീഷണിയുണ്ടെന്നു പറഞ്ഞ് കൂട്ടുപ്രതികള്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ ആത്മഹത്യാഭീഷണി മുഴക്കി. വൈദ്യന്റെ കൊലപാതകത്തെക്കുറിച്ച് ഇവര്‍ പോലീസിന് മൊഴിനല്‍കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഷൈബിന്‍ ഉപയോഗിച്ച കാറില്‍നിന്നു ലഭിച്ച മുടി ഷാബാ ഷെരീഫിന്റേതാണെന്ന ഡി.എന്‍.എ. പരിശോധനാഫലം കേസില്‍ നിര്‍ണായകമായി. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലമാണ് മൃതദേഹം കിട്ടാത്ത കേസില്‍ പ്രോസിക്യൂഷന് പ്രധാന ആയുധമായി മാറിയത്.

ഷൈബിന്‍ അഷ്‌റഫ് (37), ഷൈബിന്റെ മാനേജരായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട നടുത്തൊടിക നിഷാദ് (32), വൈദ്യനെ തട്ടിക്കൊണ്ടുവന്ന സംഘത്തിലെ ചന്തക്കുന്ന് കൂത്രാടന്‍ അജ്മല്‍ (30), പൂളക്കുളങ്ങര ഷബീബ് റഹ്‌മാന്‍ (30), വണ്ടൂര്‍ പഴയവാണിയമ്പലം ചീര ഷഫീഖ് (28), ചന്തക്കുന്ന് ചാരംകുളം കാപ്പുമുഖത്ത് അബ്ദുല്‍വാഹിദ് (26), ഒളിവില്‍ക്കഴിഞ്ഞ പ്രതികളെ സഹായിച്ച നിലമ്പൂര്‍ ചന്തക്കുന്ന് വൃന്ദാവനം സുനില്‍ (40), വണ്ടൂരിലെ വര്‍ക്ഷോപ്പ് ജീവനക്കാരന്‍ കാപ്പില്‍ മിഥുന്‍ (28), പ്രതികള്‍ക്ക് പണവും സിംകാര്‍ഡും മൊബൈല്‍ഫോണും കൊടുത്ത വണ്ടൂര്‍ കൂളിക്കാട്ടുപടി പാലപ്പറമ്പില്‍ കൃഷ്ണപ്രസാദ് (26), ഷൈബിന്റെ ഭാര്യ ഹസ്ന (28), കുന്നേക്കാടന്‍ ഷമീം (32), ഷൈബിന്റെ സഹായി റിട്ട. എസ്.ഐ. സുന്ദരന്‍ സുകുമാരന്‍ എന്നിവരാണ് വിചാരണ നേരിട്ട പ്രതികള്‍. മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫ് മറ്റൊരു വധക്കേസിലും പ്രതിയാണ്.

വ്യാപാരപങ്കാളി കോഴിക്കോട് കുന്ദമംഗലം തത്തമ്മപറമ്പില്‍ ഹാരിസ്, ഇയാളുടെ മാനേജര്‍ തൃശ്ശൂര്‍ ചാലക്കുടി സ്വദേശി ഡെന്‍സി എന്നിവര്‍ അബുദാബിയില്‍ കൊല്ലപ്പെട്ടതാണ് ഈ കേസ്. ഇതില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഷാബാ ഷെരീഫിനെ കൊന്ന കേസിലെ അന്വഷണത്തിനിടെയാണ് ഈ കേസ് പുറത്തു വന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker