
തിരുവനന്തപുരം: കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനെ എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറാണ് പ്രഖ്യാപനം നടത്തിയത്. പി.എം. സുരേഷ് ബാബുവിനെയും പി.കെ. രാജൻ മാസ്റ്ററെയും വർക്കിങ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.
പി.സി. ചാക്കോ രാജി വച്ചതോടെയാണ് തോമസ് കെ. തോമസിനെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ അധ്യക്ഷതയിൽ മുംബൈയിൽ ചേർന്ന യോഗത്തിൽ തോമസ് കെ. തോമസിനെ സംസ്ഥാന അധ്യക്ഷനാക്കാൻ തീരുമാനിച്ചിരുന്നു.
സംസ്ഥാന കൗൺസിൽ യോഗം വിളിപ്പിച്ച് ചാക്കോയെ പ്രസിഡന്റുസ്ഥാനത്തു നിന്ന് നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ശശീന്ദ്രൻ വിഭാഗം. അതിനായി അവർ ഒപ്പുശേഖരണം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ചാക്കോ അപ്രതീക്ഷിതമായി രാജി സമർപ്പിച്ചത്.
മന്ത്രിസ്ഥാനത്തുനിന്ന് ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള ചാക്കോയുടെ നീക്കങ്ങളാണ് അദ്ദേഹത്തിനുതന്നെ തിരിച്ചടിയായത്. മന്ത്രിമാറ്റത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ നിലപാടെടുത്തതോടെ ചാക്കോയ്ക്ക് പാർട്ടിയിൽ പിടിച്ചുനിൽക്കാൻ പറ്റാതായി. ഒടുവിൽ നിലനിൽപ്പിനായി തോമസ് കെ. തോമസും ശശീന്ദ്രൻ വിഭാഗത്തിനൊപ്പം ചേർന്നതോടെ കോൺഗ്രസിൽ നിന്നെത്തിയ ചാക്കോ പാർട്ടിയിൽ പൂർണമായി ഒറ്റപ്പെട്ടു.