പത്തനംതിട്ട: കേരളത്തിലെ നിര്‍ണായക മണ്ഡലങ്ങളില്‍ ഒന്നായ പത്തനംതിട്ടയില്‍ ഇത്തവണ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാവുമെന്ന് മനോരമന്യൂസ്-വിഎംആര്‍ എക്‌സിറ്റ് പോള്‍. മണ്ഡലം യുഡിഎഫ് മണ്ഡലം നിലനിര്‍ത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. എന്നാല്‍ ബിജെപിയുടെ അപ്രതീക്ഷിത കുതിപ്പ് ഇത്തവണയുണ്ടാവും
അനില്‍ ആന്റണി പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്നത് അത്ഭുതകരമായ രീതിയില്‍ വോട്ടുവര്‍ധിപ്പിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. അതേസമയം സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ധനമന്ത്രി കൂടിയായ ടിഎം തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്ന കാഴ്ച്ച മണ്ഡലത്തിലുണ്ടാവുമെന്നാണ് സര്‍വേ പറയുന്നത്.
എല്‍ഡിഎഫിന്റെ വന്‍ തകര്‍ച്ച തന്നെയാണ് സര്‍വേയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പത്തനംതിട്ടയില്‍ ഐസക്കിന് വോട്ടുപിടിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഎം അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയത്. ക്രിസ്ത്യന്‍ വോട്ടുകളെ പരമാവധി നേടുക കൂടിയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പ്രചാരണത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും നേട്ടങ്ങള്‍ എല്‍ഡിഎഫിനെ തേടിയെത്തിയില്ലെന്ന് സര്‍വേ സൂചിപ്പിക്കുന്നു.
ലോക്‌സഭയില്‍ തുടര്‍ച്ചയായി നാലാമൂഴമാണ് ആന്റോ ആന്റണി ഇത്തവണ സ്വപ്‌നം കാണുന്നത്. ആന്റോ തന്നെ വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. 36.53 ശതമാനം വോട്ടാണ് ആന്റോയ്ക്ക് ലഭിക്കുക. യുഡിഎഫിനും എല്‍ഡിഎഫിനും മണ്ഡലത്തില്‍ വോട്ടുനഷ്ടം സംഭവിക്കും.
അതേസമയം മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തുക എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണിയാണ്. ബിജെപി ആന്റണിയുടെ മകന്‍ എന്ന രീതിയില്‍ നടത്തിയ പ്രചാരണം ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍. ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് അനില്‍ ആന്റണി പത്തനംതിട്ടയില്‍ ഇറങ്ങിയത്. 32.17 ശതമാനം വോട്ട് അനില്‍ നേട്ടുമെന്നാണ് മനോരമ ന്യൂസ് സര്‍വേയില്‍ പറയുന്നത്.
അനിലിനും ബിജെപിക്കും ഇത് വന്‍ ബൂസ്റ്റാണ്. തോമസ് ഐസക്കിനെ പോലൊരു നേതാവിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളാനും അനിലിന് സാധിച്ചുവെന്നാണ് സര്‍വേ പറയുന്നത്. തോമസ് ഐസക്കിന് ആകെ 27.7 ശതമാനത്തിന്റെ വോട്ടാണ് ലഭിക്കുക. യുഡിഎഫും ബിജെപിയും തമ്മിലുള്ളത് ആകെ 4.36 ശതമാനം വോട്ടിന്റെ വ്യത്യാസമാണ്.
അതേസമയം എല്‍ഡിഎഫിന് 5.07 ശതമാനത്തിന്റെ വോട്ടാണ് കുറയുകയെന്ന് സര്‍വേ പറയുന്നു. യുഡിഎഫിനും ചെറിയ നഷ്ടങ്ങളുണ്ടാവും. 0.47 ശതമാനം വോട്ടാണ് കുറയുക. എന്‍ഡിഎയ്ക്ക് 3.23 ശതമാനം അധിക വോട്ട് ലഭിക്കും. 2019ല്‍ ആന്റോ ആന്റണിക്ക് 37.08 ശതമാനം വോട്ടാണ് ലഭിച്ചത്.
എല്‍ഡിഎഫിന്റെ വീണാ ജോര്‍ജിന് 32.77 ശതമാനവും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് 28.95 ശതമാനം വോട്ടും ലഭിച്ചു. അടിസ്ഥാന വോട്ടിലെ വളര്‍ച്ചയാണ് ബിജെപിയുടെ ഇത്തവണത്തെ നേട്ടമെന്ന് സര്‍വേ പ്രവചിക്കുന്നു. 2019ല്‍ 44243 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ആന്റോ ആന്റണിക്ക് ലഭിച്ചത്.