KeralaNews

തൊടുപുഴയിൽ കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കിട്ടി, കണ്ടെത്തിയത് ഗോഡൗണിലെ മാൻഹോളിൽ, കൊലപാതകം

തൊടുപുഴ: ചുങ്കത്തുനിന്ന് മൂന്നുദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ​ഗോഡൗണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ബിജുവിന്റേത് കൊലപാതകമാണെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഗോഡൗണിന്റെ മലിനജലം ശേഖരിച്ചിരുന്ന പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് മണ്ണുനീക്കം ചെയ്ത് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചിരുന്നത്.

കസ്റ്റഡിയിലുള്ള ജോമോനും കൊല്ലപ്പെട്ട ബിജുവും ചേർന്ന് ബിസിനസുകൾ നടത്തിയിരുന്നു. ബിജുവുമായി ചേർന്നുനടത്തിയ ബിസിനസിൽ നഷ്ടമുണ്ടായെന്ന് ജോമോൻ പലതവണ പറഞ്ഞിരുന്നു. പരാതി നൽകിയിട്ടും പണം തിരികെ ലഭിച്ചില്ലെന്ന് ജോമോൻ പലരോടും പറഞ്ഞിരുന്നു. ഒരുതവണ ബിജുവിന്റെ ഭാര്യയെ വിളിച്ച് ജോമോൻ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

വ്യാഴാഴ്ചയാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയത്. പുലർച്ചെ നാലുമണിക്ക് വീട്ടിൽനിന്ന് നടക്കാനിറങ്ങിയതായിരുന്നു ഇദ്ദേഹം. തട്ടിക്കൊണ്ടുപോയ ശേഷം മർദിച്ചു. മർദനത്തിനിടെ കൊലപാതകം നടന്നു എന്നാണ് കരുതുന്നത്. പ്രതികളെയെല്ലാവരേയും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

കുറേ നാളുകളായി ബിജു ജോസഫും പ്രതികളും തമ്മിൽ സാമ്പത്തിക തർക്കങ്ങളുണ്ടായിരുന്നു. ഇതിനേത്തുടർന്നാണ് കൊല നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ദേവമാതാ കാറ്ററിങ്സ് എന്ന പേരിൽ പാർട്ണർഷിപ്പിൽ ഇവർ ഒരു സ്ഥാപനം നടത്തിയിരുന്നു.

ഈ സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉപ്പുതറ പോലീസ് സ്റ്റേഷനിലും തൊടുപുഴ ഡിവൈഎസ്പിക്കും ഇപ്പോഴത്തെ കേസിലെ പ്രതിയായ ജോമോൻ പരാതി നൽകിയിരുന്നു. ഈ തർക്കങ്ങൾ പോലീസ് സ്റ്റേഷനിൽവെച്ച് തീർപ്പാക്കുകയും ചെയ്തിരുന്നു.

കൊലപ്പെടുത്തണമെന്ന ഉദ്ദേശം പ്രതികൾക്കുണ്ടായിരുന്നില്ലെന്നാണ് സൂചന. തട്ടിക്കൊണ്ടുപോയി തടവിൽവെച്ച് പണം വാങ്ങുക എന്നതായിരുന്നു പദ്ധതി. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ കൂടി പിടിയിലാവാനുണ്ടെന്നാണ് സൂചന.

‌ഒരു ക്വട്ടേഷൻ സംഘത്തിന്റെ ഇടപെടൽ സംഭവത്തിലുണ്ട്. മൂന്നുപേരാണ് ക്വട്ടേഷൻ സംഘത്തിലുള്ളത്. എറണാകുളം സ്വദേശി, എറണാകുളത്ത് താമസിക്കുന്ന കണ്ണൂർ സ്വദേശി എന്നിവരടങ്ങുന്ന സംഘത്തിന് ജോമോൻ ക്വട്ടേഷൻ നൽകുകയായിരുന്നു. നിലവിൽ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker