മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര സഞ്ജു സാംസണ്‍ മറക്കാനാഗ്രിഹിക്കുന്ന ഒന്നാണ്. അവസാന ഏകകദിനത്തില്‍ 51 റണ്‍സ് നേടിയതാണ് മികച്ച പ്രകടനം. ടി20 പരമ്പരയില്‍ താരം പാടേ നിരാശപ്പെടുത്തി. ആദ്യ ടി20യില്‍ 12 റണ്‍സിന് പുറത്തായ സഞ്ജു രണ്ടാം മത്സത്തില്‍ വെറും ഏഴ് റണ്‍സാണ് നേടിയത്.
പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല. അവസാന ടി20യില്‍ ആവട്ടെ 13 റണ്‍സിന് പുറത്താവുകയും ചെയ്തു. ഇപ്പോള്‍ സഞ്ജുവിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അഭിഷേക് നായര്‍.
5-6 സ്ഥാനങ്ങളില്‍ സഞ്ജുവിനെ കളിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് അഭിഷേക് പറയുന്നത്. അദ്ദേഹത്തിന്റെ വിശദീകരണമിങ്ങനെ… ”സഞ്ജുവിന് ഒരവസരം നഷ്ടമായോ എന്ന് ചോദിച്ചാല്‍ എനിക്കതിന് മറുപടിയില്ല. എന്നാല്‍ സഞ്ജുവിന് ഇനിയും അവസരം നല്‍കുമെന്ന് എനിക്കുറപ്പാണ്. കാരണം, സഞ്ജുവിന്റെ പ്രശസ്തി തന്നെയാണ് അതിന് കാരണം.
എന്നാല്‍ സഞ്ജുവിനെ ആറാമനായിട്ടാണോ കളിപ്പിക്കേണ്ടതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ പൊസിഷനില്‍ സഞ്ജു ബാറ്റ് ചെയ്തിട്ടില്ല. അത് അദ്ദേഹത്തിന് പുതിയ വേഷമായിരുന്നു. മൂന്ന ഇന്നിംഗ്‌സുകള്‍ സഞ്ജു കളിച്ചു. എന്നാല്‍ ഒന്നിലും ഇംപാക്ട് ഉണ്ടാക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. ഇനിയും അവസരം ലഭിച്ചാല്‍ അദ്ദേഹത്തിന് മുതലാക്കാന്‍ കഴിയുമോ എന്ന ചോദ്യം ബാക്കിയുണ്ട്.” അഭിഷേക് നായര്‍ പറഞ്ഞു.
”സഞ്ജുവിന്റെ കഴിവ് ഉപയോഗപ്പെടുത്തണം എന്നുണ്ടെങ്കില്‍ അദ്ദേഹത്തെ മൂന്നാം നമ്പറില്‍ കളിപ്പിക്കൂ. കാരണം അതാണ് അദ്ദേഹത്തിന്റെ ബാറ്റിംഗ് പൊസിഷന്‍. അവിടെ കളിച്ചാണ് സഞ്ജു ശീലിപ്പിച്ചത്. ആ സ്ഥാനത്ത് സഞ്ജു കഴിവ് തെളിയിച്ചതുമാണ്. ഇനിയും 5-6 സ്ഥാനത്താണ് കളിപ്പിക്കാന്‍ കരുതുന്നതെങ്കില്‍ നല്ല തീരുമാനമായിരിക്കില്ല. പകരം റിങ്കു സിംഗിനെ കൊണ്ടുവരുന്നതായിരുന്നു നല്ലത്. ടോപ് ത്രീയില്‍ സഞ്ജുവിനെ കളിപ്പിച്ചാല്‍ അതിന്റെ ഫലം ലഭിക്കും. പവര്‍ പ്ലേയില്‍ കളിക്കുന്നതിനൊപ്പം സ്പിന്നര്‍മാര്‍ക്കെതിരേയും സഞ്ജുവിന് തിളങ്ങാന്‍ സാധിക്കും.” അഭിഷേക് വ്യക്തമാക്കി.