
കൊച്ചി:തായ്‌ലാന്‍ഡിലുണ്ടായ അതിശക്തമായ ഭൂചലനം നേരില്‍ കണ്ടതിന്റെയും ഭീകരത അനുഭവിച്ചതിന്റേയും നടുക്കത്തില്‍ നടി പാര്‍വതി ആർ.കൃഷ്ണ. ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് പാര്‍വതി നടുക്കുന്ന തന്റെ അനുഭവം പങ്കുവെച്ചത്. ഭൂചലന സമയത്തെ ഭയവും ശേഷം എല്ലാം അടങ്ങിയതിന് ശേഷമുള്ള സന്തോഷ നിമിഷങ്ങളും ഉള്‍ക്കൊള്ളുന്ന വീഡിയോയും പാര്‍വതി പങ്കുവെച്ചു.
ഇതെഴുതുമ്പോഴും എന്റെ കൈ വിറയ്ക്കുകയാണ്. പക്ഷെ, ജീവിച്ചിരിക്കുന്നതില്‍ ഞാനേറെ കടപ്പെട്ടിരിക്കുന്നു. ഇന്ന് ബാങ്കോക്കില്‍ എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഭൂചലനം ഞാന്‍ അനുഭവിച്ചറിഞ്ഞു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം എല്ലാത്തിനേയും പിടിച്ചുകുലുക്കി. കെട്ടിടങ്ങളില്‍ വിള്ളല്‍ വീഴുന്നതിനും ആളുകള്‍ ജീവനും കൊണ്ടോടുന്നതിനും ഞാന്‍ സാക്ഷിയായി, എല്ലായിടത്തും പ്രശ്‌നങ്ങളായിരുന്നു. ടാക്‌സികളില്ല, ഗതാഗതമില്ല ഒന്നുമില്ല. വെറും പരിഭ്രാന്തി മാത്രം.
ആ നിമിഷം എന്റെ പ്രിയപ്പെട്ടവരെ പറ്റി മാത്രമാണ് ഞാന്‍ ചിന്തിച്ചത്. ഞാന്‍ വേഗം എന്റെ വീട്ടിലേക്ക് വിളിച്ച് അവരോട് സംസാരിച്ചു. വലിയൊരു ഇടവേളയ്ക്ക് ശേഷം അവരോട് സംസാരിക്കുന്നത് പോലെ തോന്നി. ആശ്വാസത്തിന്റെയും നന്ദിയുടെയും ഒരു നിമിഷമായിരുന്നു അത്.
ഇപ്പോഴും സംഭവിച്ചത് എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ ജീവിതത്തില്‍ രണ്ടാമതൊരു അവസരം ലഭിച്ചിരിക്കുകയാണെന്ന് എനിക്കറിയാം. ഭൂകമ്പം ബാധിച്ച എല്ലാവര്‍ക്കുമൊപ്പമാണ് എന്റെ മനസ്. പ്രതികൂല സാഹചര്യങ്ങളെ നേരിടുമ്പോള്‍ നമുക്കെല്ലാവര്‍ക്കും ശക്തിയും സഹിഷ്ണുതയും ഉണ്ടാവട്ടെ. പാര്‍വതി പോസ്റ്റില്‍ പറഞ്ഞു.
തായ്‌ലാന്‍ഡില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയിലായിരുന്നു പാര്‍വതി. ഭൂകമ്പമുണ്ടായതിന് ശേഷം മലയാളികളായ ചിലരുടെ സഹായത്തോടെയാണ് ഇവര്‍ പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചത്. നാട്ടിലെത്തിയതിന് ശേഷമാണ് സംഭവത്തിന്റെ ഭീകരത എത്രത്തോളമായിരുന്നുവെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്. അവസാന നിമിഷം വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് തന്നവര്‍ക്കും സഹായങ്ങള്‍ ചെയ്തവര്‍ക്കും പാര്‍വതി നന്ദിയറിയിച്ചു.