ന്യൂയോർക്ക്: കഴിഞ്ഞദിവസം ലോകത്തിൽ ഏറ്റവുമധികം ട്രാക്ക് ചെയ്യപ്പെട്ടത് സൗദി അറേബ്യൻ എയർലൈൻസിന്റെ ഒരു വിമാനമാണ്. രേഖകൾ പ്രകാരം മാലിയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകുന്ന സൗദി ഫ്ലൈറ്റ് 788 നെ 5,000 പേരാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ട്രാക്കുചെയ്തത്. ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് ഗോതാബയ രാജപക്‌സെയെയെ മാലിദ്വീപിൽ നിന്ന് സിംഗപ്പൂരിലേക്ക് കൊണ്ടുപോയത് ഈ വിമാനത്തിലാണെന്നാണ് കരുതുന്നത്. ഇത്രയധികം പേർ ട്രാക്കുചെയ്യാൻ കാരണവും ഇതുതന്നെ. ലോകത്ത് നിർണായക ശക്തിയല്ലെങ്കിലും ഈ കുഞ്ഞൻ രാഷ്ട്രത്തിൽ നടക്കുന്ന സംഭവ വികാകസങ്ങൾ ലോകം സാകൂതം നിരീക്ഷിക്കുന്നു എന്നതിന് തെളിവാണിതെന്നാണ് റിപ്പോർട്ട്.
ജനരോഷത്തെ തുടർന്ന് രാജ്യം വിട്ട് ഒളിച്ചോടിയ ഗോതാബയ രാജപക്സ ഇന്നലെയാണ് സ്പീക്കർക്ക് രാജിക്കത്ത് അയച്ചത്. മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിൽ നിന്നും സിംഗപ്പൂരിലേക്ക് കടന്നതിന് പിന്നാലെയായിരുന്നു രാജി.ഗോതാബയയെയും ഭാര്യയെയും രണ്ട് അംഗരക്ഷകരെയും വഹിച്ച് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനം ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 4.47നാണ് സിംഗപ്പൂരിലെ ചാൻഗി വിമാനത്താവളത്തിലെത്തിയത്.
നാലുപേരും ഇവിടെ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലെത്തുമെന്നാണ് വിവരം. രാജപക്സ സ്വകാര്യ സന്ദർശനത്തിനെത്തിയതാണെന്നും അഭയം നൽകിയിട്ടില്ലെന്നും സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് ഗോതാബയ ശ്രീലങ്കയിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മാലിദ്വീപിലേക്ക് കടന്നത്.
അതേസമയം, ഗോതാബയ രാജിവച്ചിട്ടും ശ്രീലങ്കയിൽ പ്രതിഷേധം അവസാനിച്ചിട്ടില്ല. ആക്ടിംഗ് പ്രസിഡന്റ് പദവി ഏറ്റെടുത്ത പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയെ അംഗീകരിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. എന്നാൽ സർവ കക്ഷി സർക്കാർ രൂപീകരിച്ചശേഷം രാജിവയ്ക്കാം എന്ന നിലപാടിലാണ് റെനിൽ.