KeralaNews

തിരുവോണം ബമ്പര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ്; ആദ്യ ദിനം വിറ്റുപോയത് നാലര ലക്ഷം ടിക്കറ്റുകള്‍

തിരുവനന്തപുരം:സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പറിന് റെക്കോര്‍ഡ് വില്‍പ്പന. ഭാഗ്യക്കുറി വകുപ്പ് വില്‍പ്പന ആരംഭിച്ച ആദ്യ ദിവസമായ ഇന്ന് നാലര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കറ്റിന് ക്ഷാമം ഉണ്ടാകില്ലെന്നാണ് ഭാഗ്യക്കുറി വകുപ്പ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഇത്തവണയും ഒന്നാം സമ്മാനം 25 കോടി രൂപയാണ്, 500 രൂപയാണ് ടിക്കറ്റ് നിരക്ക്. സെപ്തംബര്‍ 20-നാണ് നറുക്കെടുപ്പ്. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ സമ്മാന ഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ ആകെ സമ്മാനത്തുകയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്.

ഇത്തവണ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞ ഒരാള്‍ക്ക് 5 കോടിയായിരുന്നു രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകള്‍ക്ക് നല്‍കും. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്കും നല്‍കും. ഇവയ്ക്കു പുറമേ 5000,2000,1000,500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.

കഴിഞ്ഞ വർഷത്തെ ഓണം ബമ്പർ വിൽപ്പനയിലും റെക്കോർഡ് സൃഷ്ടിച്ചിരുന്നു . ആകെ 66,55,914 ടിക്കറ്റുകളാണ് വിറ്റത്. ആകെ 67,50,000 ടിക്കറ്റുകൾ അച്ചടിച്ചിരുന്നു. തൊട്ടു മുൻ വർഷത്തേക്കാൾ 12.5 ലക്ഷം ടിക്കറ്റുകൾ കഴിഞ്ഞ വർഷം വിറ്റുപോയി.

അതേസമയം, ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ പത്ത് കോടി അടിച്ചത് മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ്. പാലക്കാട് വച്ച് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ടിക്കറ്റ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയില്‍ ഏല്‍പ്പിച്ചു.

മണ്‍സൂര്‍ ബമ്പറിലും റെക്കോര്‍ഡ് വില്‍പ്പനെയായിരുന്നു. അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകള്‍ വിറ്റു. 27 ലക്ഷം ടിക്കറ്റുകളായിരുന്നു ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇന്നലെയായിരുന്നു മണ്‍സൂര്‍ ബമ്പറിന്റെ നറുക്കെടുപ്പ്. മൺസൂർ ബമ്പർ ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ റെക്കോർഡ് ടിക്കറ്റ് വിൽപനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button