ടി.പി വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: വിവാദമായ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തന്റെ ജീവിതത്തില്‍ ഏറെ വെല്ലുവിളിയുണ്ടാക്കിയ സംഭവമാണ് ടി.പി വധക്കേസിലെ അന്വേഷണ സമയത്ത് നേരിട്ടതെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ടി.പി.വധക്കേസ് എന്ത് കൊണ്ട് അന്നത്തെ സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മികച്ച രീതിയിലാണ് കേരള പോലീസ് കേസ് അന്വേഷിച്ചത്. അന്വേഷണ സമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും നിരവധി വെല്ലുവിളികളാണ് ഉണ്ടായത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും കോടതിയില്‍ സാക്ഷിപറയുവാനെത്തുന്നവരേയും സി.പി.എം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
ടി.പി വധക്കേസ് സി.ബി.ഐയെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ പിടിയിലായ കൊടും കുറ്റവാളികള്‍ക്ക് ജയിലില്‍ നിന്നും മോചനം സാധ്യമായേനെ. ഡല്‍ഹി പോലീസ് ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സി.ബി.ഐയെ കേസ് ഏല്‍പ്പിച്ചാല്‍ പുതിയ അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ കാലതാമസം വരുത്തും. അറസ്റ്റ് ചെയ്തവര്‍ക്കെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ നിയമമുണ്ട്. കേരള പോലീസ് ജീവന്‍ പണയപ്പെടുത്തി അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ ഇത് കാരണമായേനെ. മികച്ച രീതിയില്‍ കേരള പോലീസ് അന്വേഷണം നടത്തി കേവലം എണ്‍പത്തിനാലാമത്തെ ദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.