
കോട്ടയം: കോട്ടയം എസ് എച്ച് മൗണ്ടിൽ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സുനു ഗോപിക്കാണ് കുത്തേറ്റത്. ഒളിവിൽ കഴിഞ്ഞിരുന്ന മോഷണക്കേസിലെ പ്രതി അരുൺ ബാബുവിനെ പിടികൂടാൻ എത്തിയതാണ് പോലീസ് സംഘം. പോലീസിനെ കണ്ടയുടൻ പ്രതി കയ്യിലിരുന്ന കത്തി വീശി. സുനു ഗോപിയുടെ ചെവിക്ക് പിന്നിലും താടിക്കും മുറിവേറ്റു.
ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിക്ക് പിന്നിലെ മുറിവ് ആഴത്തിലുള്ളതാണ്. കഴിഞ്ഞദിവസം മള്ളുശ്ശേരിയിൽ ഒറ്റയ്ക്ക് കഴിഞ്ഞ വീട്ടമ്മയെ ബന്ദിയാക്കി സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതിയാണ് അരുൺ ബാബു.
ഒരാഴ്ചയായി പോലീസ് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആയിരുന്നു. പൊൻകുന്നം പോലീസ് സ്റ്റേഷനിലെ സാമൂഹ്യവിരുദ്ധരുടെ പട്ടികയിൽ ഉള്ള ആളാണ് പ്രതി. നിരവധി ലഹരി കേസുകളിലും പ്രതിയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News