കൊല്ലം: സാമ്പത്തികത്തട്ടിപ്പു കേസിൽ തനിക്കെതിരേ ഉയർന്ന ആരോപണത്തിന്റെ ‘നിജസ്ഥിതി’ ബോധ്യപ്പെടുത്താൻ സ്റ്റേഷനിലെത്തിയ ‘മാന്യൻ’ മോഷ്ടാവാണെന്നു തിരിച്ചറിഞ്ഞ് പോലീസ്. മുങ്ങിനടന്ന മോഷ്ടാവിനെ കുടുക്കിയത് സഞ്ചരിച്ച ബൈക്കിന്റെ അവ്യക്ത നമ്പർ പ്ലേറ്റും.ചവറ പോലീസ് സ്റ്റേഷനിലാണ് ‘ട്വിസ്റ്റുകൾ’ നിറഞ്ഞ ഈ സംഭവപരമ്പര അരങ്ങേറിയത്. തവണവ്യവസ്ഥയിൽ സാധനങ്ങൾ വിൽക്കാൻ ചെറുകിട കച്ചവടക്കാർക്കു നൽകുന്ന മൻസൂർ എന്നയാൾ നൽകിയ പരാതിയിലാണ് സംഭവങ്ങളുടെ തുടക്കം.
തന്റെ പക്കൽനിന്നു വാങ്ങിയ സാധനങ്ങളുടെ തുക നൽകാതെ മയ്യനാട് ധവളക്കുഴിയിൽ ഷഹീർ മൻസിലിൽ സുധീർ (42) വഞ്ചിച്ചെന്നു മൻസൂർ പരാതിപ്പെട്ടു. വീടുകളിൽനിന്നു കൈപ്പറ്റിയ പണം സുധീർ തനിക്കു നൽകുന്നില്ലെന്നാണ് മൻസൂർ ആരോപിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി സുധീറിനെ ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സുധീർ ഒരു ബൈക്കിൽ സ്റ്റേഷനിലെത്തുകയും ചെയ്തു. സുധീർ എത്തിയ വാഹനത്തിന്റെ നമ്പരിൽ അവ്യക്തത തോന്നിയ പോലീസുകാർ നടത്തിയ പരിശോധനയിലാണ് കാര്യങ്ങൾ വ്യക്തമായത്. എസ്.ഐ. ഉമേഷ് നടത്തിയ പരിശോധനയിൽ, ബൈക്കിന്റെ നമ്പർ വ്യാജമാണെന്നു കണ്ടെത്തി.
പിന്നീട് നടത്തിയ അന്വേഷണത്തിൽ, സുധീർ കൊണ്ടുവന്ന ബൈക്ക് ചവറ ശങ്കരമംഗത്തുനിന്ന് കഴിഞ്ഞ മാർച്ചിൽ മോഷണംപോയതാണെന്നു കണ്ടെത്തുകയായിരുന്നു.ചവറ മുകുന്ദപരം സ്വദേശി പദ്‌മകുമാർ തിരുവന്തപുരത്ത് പോകാനായി ശങ്കരമംഗലത്ത് ബൈക്ക് വെച്ചിട്ടു പോയ സമയത്താണ് മോഷ്ടിക്കപ്പെട്ടത്. ഇതേപ്പറ്റി പദ്‌മകുമാർ ചവറ പോലീസിൽ പരാതിയും നൽകിയിരുന്നു. ഈ ബൈക്ക് മോഷ്ടിച്ച സുധീർ നമ്പർ മാറ്റി ഉപയോഗിക്കുകയായിരുന്നു. സുധീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.