ഒരാളെ ദൈവം എങ്ങനെ സൃഷ്ടിച്ചെന്ന് അവരുടെ അമ്മക്കും അപ്പനും അറിയാം: ഹണി റോസിനെതിരായ കമന്റുകളില്‍ മാതാപിതാക്കളുടെ മറുപടി
കൊച്ചി; സോഷ്യല്‍ മീഡിയയിലൂടെ വരുന്ന നെഗറ്റീവ് കമന്റുകളെ കാര്യമാക്കാറില്ലെന്ന് നടി ഹണി റോസ്. സോഷ്യല്‍ മീഡിയ വരുന്നതിന് മുമ്പ് കവലകളില്‍ കൂടിയിരുന്ന് ഇത്തരം കാര്യങ്ങള്‍ പറയുന്ന ആളുകളുണ്ട്. അതിലൊന്നും നമുക്ക് ഒന്നും ചെയ്യാനാകില്ല. ഒരോ വ്യക്തികളുടേയും സ്വാതന്ത്രവും ഇഷ്ടവും എന്ന രീതിയിലാണ് അതിനെ കാണുന്നത്. അതിനെ വലിയ വിഷയമാക്കി എടുക്കാനോ അതില്‍ ശ്രദ്ധ ചെലുത്താനോ പോകാറില്ലെന്നും താരം വ്യക്തമാക്കുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ രക്ഷിതാക്കള്‍ക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹണി റോസ്.
കല്യാണം കഴിക്കുന്നതിനൊന്നും പ്രശ്നമില്ല. അതിന് തയ്യാറാണ്, പക്ഷെ നല്ല ഒരാള്‍ വരണം. അങ്ങനെ ഒരാള്‍ വരിക എന്നുള്ളത് ചെറിയ കാര്യമില്ല. കല്യാണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം അമ്മക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. പപ്പ എല്ലാത്തിലും കൂളാണ്. ഇന്നത്തെ ജീവിതം അടിച്ച് പൊളിച്ച് മുന്നോട്ട് പോകുകയെന്ന് ചിന്തിക്കുന്നവരാണ് ഞാനും പപ്പയും. അമ്മയകാട്ടെ ഇന്ന് കഷ്ടപ്പെട്ട് നാളെ എവിടെയോ ഉള്ള ഒരു നല്ല ജീവിതത്തിനായുള്ള കാത്തിരിപ്പാണ്.
കുട്ടിക്കാലം മുതലെ വളരെ ശാന്ത സ്വഭാവക്കാരിയായിരുന്നു. ഒരു നാണക്കാരിയായിരുന്നു. ക്രിസ്മസ് ആഘോഷങ്ങളിലൊക്കെ പങ്കെടുക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. എന്റെ ഒരു ആന്റിയുടെ വീട് ഭരണങ്ങാനത്താണ്.അവിടെ ക്രിസ്മസ് വലിയ ആഘോഷമാണ്. ഓത്തിരി ആളുകളുണ്ടാകും. കുട്ടിക്കാലത്തെ ക്രിസ്മസ് വൈബ് കിട്ടിയിരുന്നത് അവിടുന്നായിരുന്നു. പൊതുവെ അച്ഛന്റെ സ്വഭാവമാണ് കിട്ടിയിരിക്കുന്നത്. അമ്മ ഒച്ചപ്പാടും ബഹളവുമാണ്.
വലുതായപ്പോള്‍ ലൊക്കേഷനില്‍ വലിയ രീതിയിലുള്ള ആഘോഷങ്ങളൊന്നും ഉണ്ടായിട്ടില്ല. വർക്ക് നടക്കുകയാണല്ലോ, എന്നാലും കേക്ക് കട്ടിങ്ങൊക്കെ ഉണ്ടാകാറുണ്ട്. എല്ലാ ക്രിസ്മസും സന്തോഷം നിറഞ്ഞതാണ്. ഇത്തവണത്തെ പ്രത്യേകത എന്ന് പറഞ്ഞാല്‍ പുതിയ ഫ്ലാറ്റ് വാങ്ങിയെന്നാണ്. ക്രിസ്മസ് മിസ്സായാലും പെസഹ ചടങ്ങുകള്‍ വളരെ നല്ല രീതിയില്‍ തന്നെ ആചരിക്കാറുണ്ടെന്നും ഹണി റോസ് പറയുന്നു.
അതേസമയം, മകള്‍ക്കെതിരായി നടക്കുന്ന സൈബർ ആക്രമണങ്ങള്‍ യാഥാർത്ഥ്യം അറിയാതെയാണെന്നാണ് ഹണി റോസിന്റെ അമ്മ അഭിപ്രായപ്പെടുന്നത്. ചുമ്മാ എന്തെങ്കിലും എഴുതി വിടുകയാണ്. ഒരാളെ ദൈവം എങ്ങനെ സൃഷ്ടിച്ചെന്ന് അവരുടെ അമ്മക്കും അപ്പനും അറിയാം. ഇതൊന്നും അല്ലാത്ത വളരെ മോശം കമന്റുകള്‍ ഉണ്ടാകാറുണ്ട്. നമുക്ക് അവരുടെയത്ര താഴ്ന്ന് പറയാന്‍ സാധിക്കില്ലാലോയെന്നും അമ്മ വ്യക്തമാക്കുന്നു.
ഒരുപാട് ശത്രുക്കള്‍ അവിടുന്നും ഇവിടുന്നുമൊക്കെയായി വരും. നമ്മളുടെ അടുത്തേക്ക് ഉപദ്രവുമായി വരുമ്പോള്‍ മാത്രമേ അതിന് ശ്രദ്ധകൊടുക്കേണ്ടതുള്ളുവെന്ന് പിതാവും പറയുന്നു. അല്ലാതെ എവിടുന്നേലും എന്തേലും ശബ്ദം കേള്‍ക്കുമ്പോള്‍ നമ്മള്‍ ബഹളം വെക്കേണ്ട കാര്യമില്ല. അത് അതിന്റെ വഴിക്ക് പോകും. അങ്ങനെ പോയിക്കൊണ്ടിരിക്കും. അറിയാവുന്നവർക്ക് നമ്മുടെ കാര്യം അറിയാം. അല്ലാത്തവർ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അതിലൊന്നും ശ്രദ്ധിക്കാതിരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.