ലഖ്‌നൗ: യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രകോപിതരായ ബന്ധുക്കള്‍ ഭര്‍തൃവീടിന് തീയിട്ടു. തീപ്പിടിത്തത്തില്‍ ഭര്‍തൃമാതാപിതാക്കള്‍ വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം.
പ്രയാഗ് രാജ് സ്വദേശിനിയായ അന്‍ഷിക കേസര്‍വാണിയെയാണ് തിങ്കളാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മരണവിവരമറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കള്‍ ഇതിനുപിന്നാലെ ഭര്‍ത്താവിന്റെ വീടിന് തീയിടുകയായിരുന്നു. വീട്ടില്‍ തീപടര്‍ന്ന് പിടിച്ചതോടെ പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. തീയണച്ചതിന് ശേഷം വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് അന്‍ഷികയുടെ ഭര്‍തൃമാതാപിതാക്കളായ രാജേന്ദ്ര കേസര്‍വാണി, ശോഭ ദേവി എന്നിവരെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് അന്‍ഷികയുടെ വിവാഹം കഴിഞ്ഞത്. ഇതിനുപിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്ക് ഭര്‍തൃവീട്ടില്‍നിന്ന് ഉപദ്രവം നേരിടേണ്ടിവന്നെന്നാണ് പരാതി. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരം ലഭിച്ചതെന്ന് പ്രയാഗ് രാജ് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് ഭൂഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സംഘം വീട്ടിലെത്തിയപ്പോള്‍ യുവതിയുടെ ബന്ധുക്കളും ഭര്‍തൃവീട്ടുകാരും തമ്മില്‍ വഴക്കിടുന്നതാണ് കണ്ടത്. ഈ തര്‍ക്കത്തിനിടെ യുവതിയുടെ ബന്ധുക്കളില്‍ ചിലര്‍ ഭര്‍ത്താവിന്റെ വീടിന് തീയിട്ടു.
വീടിന് തീപിടിച്ചതോടെ പോലീസ് സംഘം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. അഞ്ചുപേരെ വീട്ടില്‍നിന്ന് രക്ഷപ്പെടുത്തി. അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കാനായത്. ഇതിനുശേഷം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിശദീകരിച്ചു.