കുളമാവ് : പ്ലസ്ടു വിദ്യാര്‍ഥിനിയെ കൊക്കയിലേക്ക് തള്ളിയിട്ട ശേഷം യുവാവ് തൊട്ടടുത്ത മരത്തില്‍ തൂങ്ങി മരിച്ചു. നാടുകാണി പവിലിയനിലാണ് സംഭവം. 250 അടി ആഴമുള്ള കൊക്കയിലേക്കാണ് പെണ്‍കുട്ടി വീണത്. 26 മണിക്കൂറുകള്‍ക്കു ശേഷം പെണ്‍കുട്ടിയെ രക്ഷിച്ചു. മേലുകാവ് ഇല്ലിക്കല്‍ അലക്സിനെ (23) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അലക്‌സും പെണ്‍കുട്ടിയും സുഹൃത്തുക്കളാണെന്നും വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് ഇവര്‍ ബൈക്കില്‍ നാടുകാണി പവിലിയനു സമീപം എത്തിയതെന്നും പൊലീസ് പറയുന്നു. പാറക്കെട്ടിലിരുന്നു സംസാരിക്കുമ്പോള്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും യുവാവ് പെണ്‍കുട്ടിയെ പാറക്കെട്ടില്‍ നിന്നു താഴേക്കു തള്ളിയിട്ടുവെന്നും പൊലീസ് പറയുന്നു. 250 അടി താഴേക്കു വീണു പോയ പെണ്‍കുട്ടി ബോധരഹിതയായി. അലക്‌സ് പാറക്കെട്ടിലൂടെ ഇറങ്ങി താഴെയെത്തി. പെണ്‍കുട്ടി മരിച്ചെന്നു കരുതിയ അലക്‌സ് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ചെന്നും പൊലീസ് പറയുന്നു.
വ്യാഴാഴ്ച മുതല്‍ അലക്സിനെയും പെണ്‍കുട്ടിയെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കാഞ്ഞാര്‍, മേലുകാവ് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. സമീപത്തുള്ള റിസോര്‍ട്ട് ജീവനക്കാരാണ് വ്യാഴാഴ്ച രാവിലെ മുതല്‍ റോഡില്‍ ബൈക്കും ഹെല്‍മറ്റുകളും ബാഗും ഇരിക്കുന്നത് ശ്രദ്ധിച്ചതും പൊലീസിനെ അറിയിച്ചതും. തുടര്‍ന്ന് കുളമാവ് പൊലീസ് നടത്തിയ തിരച്ചിലിലാണ് പരുക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെയും മരിച്ച നിലയില്‍ യുവാവിനെയും കണ്ടെത്തിയത്.
നാടുകാണിയിലെ വ്യൂ പോയിന്റില്‍ നിന്ന് അല്‍പം അകലെയുള്ള ഒരു പാറക്കെട്ടില്‍ നിന്നു താഴേക്കു വീണ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മൂലമറ്റത്തു നിന്ന് അഗ്‌നിരക്ഷാസേന എത്തി കൊക്കയില്‍ നിന്നു സ്‌ട്രെച്ചറില്‍ വടം കെട്ടി പെണ്‍കുട്ടിയെ റോഡിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന്റെയും ഇടുപ്പെല്ലിന്റെയും അസ്ഥികള്‍ക്കു പൊട്ടലുണ്ട്. അലക്സിന്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.