ലഖ്നൗ: ഉത്തർപ്രദേശിലെ ഫൈസാബാദിൽ ഡെപ്യൂട്ടി ബാങ്ക് മാനേജറായ യുവതിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫൈസാബാദിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ ജോലിചെയ്യുന്ന ലഖ്നൗ രാജാജിപുരം സ്വദേശി ശ്രാദ്ധ ഗുപ്ത(32)യെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ വീട്ടിൽനിന്ന് ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. രണ്ട് പോലീസുകാരുടെ പേരുകളും മറ്റുചിലരുടെ പേരുകളും ആത്മഹത്യയ്ക്ക് കാരണമായി കുറിപ്പിൽ എഴുതിയിട്ടുണ്ടെന്നാണ് സൂചന. ഇതുസംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് അയോധ്യ സീനിയർ പോലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു.
ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ പാൽക്കാരനാണ് യുവതിയെ കാണാത്തതിനെ തുടർന്ന് മറ്റുള്ളവരെ വിവരമറിയിച്ചത്. പാൽക്കാരൻ വാതിലിൽ മുട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് ഇയാൾ വീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ജനൽവഴി നോക്കിയപ്പോളാണ് യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഇതോടെ പോലീസിനെയും വിവരമറിയിച്ചു.
പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. തന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായി ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും കോൺസ്റ്റബിളിന്റെയും പേരുകളാണ് യുവതി കുറിപ്പിൽ എഴുതിയിരിക്കുന്നത്. മറ്റുചിലരുടെ പേരുകളും കുറിപ്പിലുണ്ട്. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
2015-ലാണ് ശ്രാദ്ധ ഗുപ്ത ബാങ്കിൽ ജോലിക്ക് കയറുന്നത്. പിന്നീട് ഡെപ്യൂട്ടി മാനേജറായി പ്രൊമോഷൻ ലഭിക്കുകയായിരുന്നു. 2018 മുതൽ ഫൈസാബാദിലാണ് ജോലിചെയ്തുവരുന്നത്. ഇവിടെ വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇടയ്ക്ക് മാത്രമേ ലഖ്നൗവിലെ സ്വന്തം വീട്ടിലേക്ക് പോകാറുണ്ടായിരുന്നുള്ളൂ.