KeralaNews

എമ്പുരാനിലെ വില്ലന്റെ പേര് ഇനി ;ബജ്രംഗി’യെന്നല്ല; വെട്ടുപൂര്‍ത്തിയാക്കി എമ്പുരാന്‍ തിങ്കളാഴ്ച തീയറ്ററുകളില്‍

കൊച്ചി: സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെ പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം എമ്പുരാനില്‍ സ്വന്തം നിലയില്‍ മാറ്റം വരുത്താന്‍ സെന്‍സര്‍ബോര്‍ഡിനെ സമീപിച്ച് നിര്‍മാതാക്കള്‍. കലാപദൃശ്യങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമടക്കം 17 ഭാഗങ്ങളില്‍ മാറ്റം വരുത്തുകയും ചിലപരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്യും ഒപ്പം വില്ലന്റെ പേരും മാറ്റും. തിങ്കളാഴ്ചയോടെയാണ് വോളന്ററി മോഡിഫിക്കേഷന്‍ പൂര്‍ത്തിയാവുക.

സിനിമയ്ക്കെതിരേ സംഘപരിവാര്‍, ബിജെപി കേന്ദ്രങ്ങളില്‍നിന്ന് വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. സിനിമ സെന്‍സര്‍ ചെയ്തപ്പോള്‍ ഉള്ളടക്കം ശ്രദ്ധിക്കുന്നതില്‍ ആര്‍എസ്എസ് നോമിനികളായവര്‍ക്ക് വീഴ്ച പറ്റിയെന്നായിരുന്നു പലരുടെയും ആരോപണം. സ്ത്രീകള്‍ക്കെതിരായ അതിക്രമരംഗം, ദേശീയപതാകയെക്കുറിച്ചുള്ള പരാമര്‍ശം എന്നീ രണ്ട് ഭാഗങ്ങള്‍ക്ക് ഉള്‍പ്പെടുന്ന രണ്ട് മിനിറ്റ് മാത്രമാണ് മാറ്റാന്‍ നിര്‍ദേശമുണ്ടായിരുന്നത്. സംഘപരിവാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സെന്‍സര്‍ ബോര്‍ഡിലുണ്ടായിരുന്നു.

സിനിമയ്‌ക്കെതിരേ ബിജെപി പരസ്യമായി രംഗത്ത് വന്നിട്ടില്ല. കഴിഞ്ഞദിവസത്തെ കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം എമ്പുരാന്‍ എന്നല്ല ഒരുസിനിമയെയും എതിര്‍ക്കുന്നില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്നായിരുന്നു മുതിര്‍ന്ന ബിജെപി നേതാവ് എം.ടി.രമേശിന്റെയും പ്രതികരണം.

എമ്പുരാന്‍ സിനിമ താന്‍ കാണുമെന്നും സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്നും അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും പ്രതികരിച്ചിരുന്നു. അതേസമയം മാര്‍ച്ച് 27-ന് റിലീസ് ചെയ്ത ചിത്രം രാഷ്ട്രീയവിവാദങ്ങള്‍ക്കിടയിലും വമ്പന്‍ കളക്ഷനാണ് നേടുന്നത്.

മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസറില്‍ ലേഖനം. ചിത്രം ഹിന്ദുവിരുദ്ധമാണെന്ന് ലേഖനം ആരോപിക്കുന്നു. ‘മോഹന്‍ലാലിന്റെ എമ്പുരാന്‍: ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡ പ്രചരിപ്പിക്കാന്‍ പൃഥ്വിരാജ് സുകുമാരന്‍ ചിത്രം ഗോധ്രാനന്തര കലാപത്തെ മുതലെടുക്കുന്നു’ എന്ന തലക്കെട്ടില്‍ വിശ്വരാജ് വിയാണ് ലേഖനം എഴുതിയിരിക്കുന്നത്. ഓര്‍ഗനൈസറിന്റെ ഓണ്‍ലൈനിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്.

ചിത്രം കേവലവിനോദത്തിന് പകരം പഴകിയ രാഷ്ട്രീയ അജന്‍ഡ മുന്നോട്ടുവെക്കാനുള്ള വേദിയായി മാറിയെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. ഗോധ്രാനന്തര കലാപത്തെ ചിത്രം വ്യക്തവും ആശങ്കപ്പെടുത്തുന്നതുമായ പക്ഷപാതത്തോടെയാണ് അവതരിപ്പിക്കുന്നത്. ചരിത്രവസ്തുതകളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന് പകരം കലാപത്തിന്റെ പശ്ചാത്തലം ഉപയോഗിച്ച് സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന വിഭാഗീയവും ഹിന്ദുവിരുദ്ധമായ ആഖ്യാനം മുന്നോട്ടുവെക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

ചിത്രത്തിന്റെ ആദ്യഭാഗത്തെ രംഗങ്ങള്‍ 2002-ലെ കലാപത്തിലെ പ്രധാന അക്രമകാരികള്‍ ഹിന്ദുക്കളാണെന്ന പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതും അവരെ വില്ലന്മാരായി ചിത്രീകരിക്കുന്നതുമാണ്. ഹിന്ദു സമുദായത്തെ ആകെ അപകീര്‍ത്തിപ്പെടുത്താന്‍ സിനിമ വയലന്‍സിനെ ഉപയോഗിക്കുന്നു. രക്ഷകരായി ചിത്രീകരിക്കപ്പെടാവുന്ന സാഹചര്യങ്ങളില്‍ പോലും ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നു. മോഹന്‍ലാലിനെപ്പോലെ പരിചയസമ്പന്നനായ നടന്‍ തന്റെ സിനിമയ്ക്കായി സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം മാത്രം വളര്‍ത്തുന്ന ഒരു പ്രചാരണ കഥ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും ദുരൂഹമാണെന്നും ലേഖനത്തില്‍ പറയുന്നു.

അത്തരം സിനിമയില്‍ അഭിനയിക്കാനുള്ള മോഹന്‍ലാലിന്റെ തീരുമാനം വിശ്വസ്തരായ ആരാധകവൃന്ദത്തോടുള്ള വഞ്ചനയാണ്. എമ്പുരാന്‍ ഹിന്ദു വിരുദ്ധ- ഇന്ത്യ വിരുദ്ധ സിനിമയായി ദേശീയ തലത്തില്‍ തുറന്നുകാട്ടപ്പെടണമെന്നതില്‍ സംശയമില്ലെന്നും പറയുന്ന ലേഖനത്തില്‍ പൃഥ്വിരാജിന്റെ മുന്‍ രാഷ്ട്രീയ നിലപാടുകളേയും വിമര്‍ശിക്കുന്നു.

1921-ലെ മലബാര്‍ കലാപത്തിന്റെ പശ്ചാലത്തില്‍ വാരിയംകുന്ന എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച ശേഷം അത് നടക്കാതെ പോയതിനെക്കുറിച്ച് ലേഖനത്തില്‍ ഒര്‍മിപ്പിക്കുന്നു. സിനിമാ തിരഞ്ഞെടുപ്പുകള്‍ക്ക് പുറമേ, പൃഥ്വിരാജ് ദേശവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതായും ആരോപണമുണ്ടെന്ന് ലേഖനം പറയുന്നു. ലക്ഷദ്വീപ്, പൗരത്വ ഭേദഗതി ബില്‍ എന്നീ വിഷയങ്ങളിലെ നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker