തിരുപ്പതി:സാധാരണയായി ഒരു കാര്‍ ബൈക്കില്‍ ഇടിച്ചാല്‍ ബൈക്കാണ് തകരാന്‍ സാധ്യത. ഒരു ട്രാക്ടര്‍ കാറില്‍ ഇടിച്ചാലോ? കാര്‍ തകരുമെന്നായിരിക്കും സ്വാഭാവികമായും നമ്മള്‍ ചിന്തിക്കുക. എന്നാല്‍ ഇപ്പോള്‍ വൈറലായ ഒരു അപകടം പറയുന്നത് നേരെ തിരിച്ചാണ്. മെഴ്‍സിഡസ് ബെന്‍സിന്റെ ആഡംബര കാറിലിടിച്ച് ഒരു ട്രാക്ടര്‍ രണ്ടായി പിളര്‍ന്നിരിക്കുന്നു. വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം തോന്നാമെങ്കിലും സംഭവം സത്യമാണ്. ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപം കഴിഞ്ഞദിവസം നടന്ന ഈ അപകടത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
തിരുപ്പതിക്ക് സമീപം ചന്ദ്രഗിരി ബൈപ്പാസ് റോഡിലായിരുന്നു അപകടം. ദേശീയ പാതയ്ക്ക് സമീപം മണല്‍ ലോഡുമായി വരികയായിരുന്ന ട്രാക്ടര്‍ നിയന്ത്രണം നഷ്‍ടമായി മെഴ്‍സിഡസ് ബെന്‍സ് കാറില്‍ ഇടിച്ചു. തുടര്‍ന്ന് ട്രാക്ടര്‍ രണ്ട് കഷണങ്ങളായി തകര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോയില്‍ കറുത്ത നിറത്തിലുള്ള ഒരു മെഴ്‌സിഡസ്-ബെൻസ് കാണാം. അപകടത്തിൽപ്പെട്ട ഒരു ട്രാക്ടർ പകുതിയായി പിളർന്നനിലയിലാണ്. ഇത് ജർമ്മൻ ബ്രാൻഡിന്റെ കാറുകളുടെ ബിൽഡ് ക്വാളിറ്റിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. മാസി ഫെർഗൂസൺ കമ്പനിയുടേതാണ് ട്രാക്ടർ.
തിരുപ്പതിയില്‍ നിന്ന് വരികയായിരുന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ട്രാക്ടര്‍ പൂര്‍ണമായും തകര്‍ന്നു. ട്രോളിയും റോഡിലേക്ക് മറിഞ്ഞു. ട്രാക്ടറിന്റെ മുന്‍ഭാഗമാണ് രണ്ടായി പിളര്‍ന്നത്. ട്രാക്ടര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഡ്രൈവറെ തിരുപ്പതിയതിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍ ബെന്‍സ് കാറിന്റെ മുന്‍വശവും തകര്‍ന്നുവെങ്കിലും യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ട്രാക്ടര്‍ തെറ്റായ ദിശയിലാണ് വന്നതാണെന്ന് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തല്‍. ദേശീയപാതയില്‍ ട്രാക്ടര്‍ തകര്‍ന്ന് കിടന്നതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍പ്പെട്ട കാര്‍ അമിത വേഗതയില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
അതേസമയം അടുത്തിടെ ഒരു കാർ അപകടത്തിൽ വ്യവസായി സൈറസ് മിസ്‌റിയുടെ അകാല മരണം ലോകത്തെ ഞെട്ടിച്ചിരുന്നു. അദ്ദേഹം യാത്ര ചെയ്യുന്ന മെഴ്‌സിഡസ് ബെൻസ് കാറിന്റെ നിർമ്മിത ഗുണനിലവാരം ഇതോടെ ചോദ്യം ചെയ്യപ്പെടുകയും ചെയ്‍തു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി മെഴ്‍സിഡസ് ബെൻസ് ഹോങ്കോങ്ങിൽ നിന്ന് വിദഗ്ധരുടെ സംഘത്തെവരെ വിളിച്ചുവരുത്തി. എന്നാൽ, എസ്‌യുവിയുടെ പിൻസീറ്റിൽ ഇരുന്നിരുന്ന സൈറസ് മിസ്‍ത്രി അപകടസമയത്ത് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും അതാണ് മരണത്തിൽ കലാശിച്ചതെന്നും ലോക്കൽ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വാഹനത്തിന്‍റെ മുൻവശത്തുണ്ടായിരുന്ന രണ്ടുപേരും അപകടനില തരണം ചെയ്‍തിരുന്നു.
എന്നിരുന്നാലും, കാറുകൾ ഉൾപ്പെടുന്ന എല്ലാ അപകടങ്ങളെയും പോലെ, ഈ ട്രാക്ടര്‍ അപകടത്തിലും നാം പെട്ടെന്ന് ഒരു നിഗമനത്തിലും എത്തിച്ചേരരുത്. ഒരു വാഹനാപകടത്തിന്‍റെ കാര്യത്തിൽ, ഒന്നിലധികം ഘടകങ്ങൾ ഒന്നിച്ചുചേർന്ന് ഒറ്റത്തവണ ഒരു സാഹചര്യം സൃഷ്‌ടിക്കുന്നു എന്ന് മനസിലാക്കുക. പ്രതികൂലമായ ഫലത്തിന് ഏതൊരു വാഹന നിർമ്മാതാവിനെയും കുറ്റപ്പെടുത്തുക എന്നത് എളുപ്പമാണ്.
സൈറസ് മിസ്ത്രിയുടെ കാര്യമോ, മാസി ഫെർഗൂസൺ ട്രാക്ടറോ ആകട്ടെ, ഒരു അപകടത്തിന് വാഹനത്തിന്റെ നിർമ്മാണ നിലവാരം നിർണ്ണയിക്കാൻ കഴിയില്ല, എന്നിരുന്നാലും, അത്തരം സംഭവങ്ങൾ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലായി പ്രവർത്തിക്കുന്നു.
അതുകൊണ്ടുതന്നെ വാഹനത്തിന്‍റെ മുന്നിലോ പിന്നിലോ ആകട്ടെ എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കുക. സാവധാനത്തിലും നിശ്ചിത സ്പീഡ് മാനദണ്ഡങ്ങൾക്കനുസൃതമായും ഡ്രൈവ് ചെയ്യുക. ഒപ്പം എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുക.