വയനാട്: കുറുക്കൻമൂലയിലെ കടുവയ്ക്കായുള്ള (tiger)തിരച്ചിൽ ഇന്നും തുടരും. കടുവ ഉൾവനത്തിലേക്ക് കടന്നതാണ് കഴിഞ്ഞ ദിവസം മയക്കുവെടിവെക്കാൻ കഴിയാതിരുന്നത്. 4 ദിവസമായി കടുവ ജനവാസ മേഖലകളിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നിട്ടില്ല. എങ്കിലും കഴുത്തിൽ മുറിവേറ്റ കടുവയെ പിടികൂടി ചികിത്സ നൽകേണ്ടതുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. ഇതിനായി മയക്കുവെടി സംഘം കുറുക്കൻമൂലയിൽ തുടരും. ഇന്നലെ പുതുതായി സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടോയെന്ന് വനപാലകർ ഇന്ന് പരിശോധിക്കും.
കഴിഞ്ഞ 20 ദിവസങ്ങളായി കടുവ കുറുക്കൻമൂല നിവാസികളെ ഭീതിയിലാക്കി പ്രദേശത്തെ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുകയായിരുന്നു.
കടുവയെ പിടിക്കാൻ പറ്റാതായതോടെ നാട്ടുകാർ വനംവകുപ്പിനെതിരെ തിരിയുന്ന സാഹചര്യവും ഉണ്ടായി. രണ്ട് കുങ്കിയാനകളും ഡ്രോണുകളും അടക്കം കടുവയെ പിടിക്കാനായ വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പ് ഒരുക്കിയത്. എന്നാൽ ഇത്രയും ദിവസം കടുവ തെരച്ചിൽ സംഘത്തിന് പിടി നൽകാതെ പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നു.