ചാലക്കുടി: ചാലക്കുടി റെയില്‍പ്പാലത്തില്‍നിന്ന് പുഴയില്‍ച്ചാടിയ മൂന്നുപേരും അറസ്റ്റിലായി. ഒരാള്‍ പെരുമ്പാവൂരിലെ ആശുപത്രിയില്‍ പോലീസ് കാവലിലാണ്. നിധിയുണ്ടെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് കോഴിക്കോട് നാദാപുരം സ്വദേശികളില്‍നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അതിഥി തൊഴിലാളികളായ പ്രതികളെ അറസ്റ്റ് ചെയ്തത്.
അസം സ്വദേശികളായ മുഹമ്മദ് സിറാജുല്‍ ഇസ്ലാം(26), ഗുല്‍ജാര്‍ ഹുസൈന്‍ (27), മുഹമ്മദ് മുസമില്‍ ഹഖ് (24) എന്നിവരെയാണ് പ്രത്യേക പോലീസ്സംഘം അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയും അറസ്റ്റിലായവരുടെ സുഹൃത്തുമായ അബ്ദുള്‍കലാം (26)ആണ് പോലീസ് കാവലില്‍ ചികിത്സയിലുള്ളത്. തീവണ്ടി വരുന്നതുകണ്ട് നാലുപേര്‍ പുഴയില്‍ ചാടിയെന്നും അതിലൊരാളെ തീവണ്ടി തട്ടിയിട്ടുണ്ടെന്നും ലോക്കോ പൈലറ്റാണ് ചാലക്കുടി പോലീസ് സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പുഴയില്‍ വീണവര്‍ക്കായി സ്‌കൂബാസംഘം തിരച്ചില്‍ നടത്തിയെങ്കിലും പാലത്തില്‍ നിന്നു ചാടിയവര്‍ രക്ഷപ്പെട്ട് ഓട്ടോയില്‍ക്കയറി പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
അബ്ദുള്‍കലാം തീവണ്ടിതട്ടി വീണപ്പോള്‍ മറ്റു മൂന്നുപേരും പുഴയിലേക്ക് ചാടുകയായിരുന്നു. പരിക്കുപറ്റി ട്രാക്കിനരികില്‍ക്കിടന്ന അബ്ദുള്‍കലാമിനെ മൂന്നുപേരും ചേര്‍ന്ന് തോളിലേറ്റി മുരിങ്ങൂരിലെത്തിച്ചു. അവിടനിന്ന് ആദ്യം കൊരട്ടിയിലേക്കും തുടര്‍ന്ന് പെരുമ്പാവൂരിലേക്കും എത്തുകയായിരുന്നു. അവിടെ സ്വകാര്യ ആശുപത്രിയില്‍ ഇയാളെ എത്തിച്ചു.
നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരാണ് തട്ടിപ്പിനിരകളായത്. നാദാപുരത്ത് ഇവരുടെ മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലിചെയ്തിരുന്ന ഒന്നാംപ്രതി മുഹമ്മദ് സിറാജുല്‍ ഇസ്ലാം പരിചയക്കാരായ നാദാപുരം സ്വദേശികളോട് തന്റെ സുഹൃത്തിന് കെട്ടിടം പൊളിക്കുന്നതിനിടയില്‍ നിധി ലഭിച്ചതായും തൃശ്ശൂരിലെത്തി ഏഴു ലക്ഷം രൂപ നല്‍കിയാല്‍ വന്‍ ലാഭത്തിന് സ്വര്‍ണം ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.
അങ്ങനെ സിറാജുല്‍ ഇസ്ലാമും നാദാപുരം സ്വദേശികളും കാറില്‍ സ്വര്‍ണ ഇടപാടിനായി തൃശ്ശൂരൂലെത്തി. ശേഷം ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെത്തി. മുന്‍കൂറായി നാലുലക്ഷം കൈമാറി. എന്നാല്‍, ലഭിച്ച ലോഹം അവിടെവെച്ചുതന്നെ പരാതിക്കാര്‍ മുറിച്ചപ്പോള്‍ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ അസം സ്വദേശികള്‍ പണവുമായി ട്രാക്കിലൂടെ ഓടി.
പ്ലാറ്റ്ഫോം അവസാനിക്കുന്നതുവരെ രാജേഷും ലെനീഷും പിന്തുടര്‍ന്നെങ്കിലും പിടികൂടാനായിരുന്നില്ല. തുടര്‍ന്നാണ് രാജേഷ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ചാലക്കുടി ഡിവൈ.എസ്.പി. കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കേസന്വേഷിച്ചത്.