NationalNews

യു.എസിൽ തീവ്രവ്യാപനത്തിന് കാരണമായ കോവിഡ് വകഭേദം ഇന്ത്യയിലും വർധിക്കുന്നു; കേസുകൾ 26 ആയി

ന്യൂഡൽഹി: അമേരിക്കയിൽ തീവ്രവ്യാപനത്തിന് കാരണമായ XBB.1.5 വകഭേദം ഇന്ത്യയിൽ വർധിക്കുന്നു. നിലവിൽ 26 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് (ഇന്ത്യന്‍ സാര്‍സ്-കോവ്-2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം) ആണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടിരിക്കുന്നത്.

11 സംസ്ഥാനങ്ങളിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇന്‍സാകോഗ് പുറത്തുവിട്ട ഡാറ്റയിലുള്ളത് . അമേരിക്കയിൽ 44 ശതമാനത്തോളം കോവിഡ് കേസുകൾക്കും പിന്നിൽ XBB.1.5 ആണ്. ചൈനയിലെ വ്യാപനത്തിന് കാരണമായ BF.7 വകഭേദം രാജ്യത്ത് 14 എന്ന സംഖ്യയിലേക്ക് ഉയർന്നുവെന്നും ഡാറ്റയിലുണ്ട്. പശ്ചിമബംഗാളില്‍ നാലും മഹാരാഷ്ട്രയിൽ മൂന്നും ഹരിയാണയിലും ​ഗുജറാത്തിലും രണ്ടുവീതവും ഒഡീഷയിലും ഡൽഹിയിലും കർണാടകയിലും ഓരോന്നുവീതവുമാണ് BF.7 വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒമിക്രോണിന്റെതന്നെ ബി.ജെ.1, ബി.എ.2.75 ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ള എക്‌സ്.ബി.ബി. വകഭേദത്തിന്റെ ഉപവകഭേദമാണ് എക്‌സ്.ബി.ബി.-1.5. കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും രോഗവ്യാപന ശേഷിയുള്ള ഇത് ഓഗസ്റ്റില്‍ സിങ്കപ്പൂരിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, പനി, തളര്‍ച്ച, തലവേദന, വയറിളക്കം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍.

അമേരിക്ക, യു.കെ., ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നേരത്തേ ബി.എഫ്.7 വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു. കടുത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, കടുത്തപനി തുടങ്ങിയവയെല്ലാം ബി.എഫ്-7 വകഭേദത്തിൽ കൂടുതൽ കാണുന്നുണ്ടെന്നാണ് ആരോ​ഗ്യ വി​ദ​ഗ്ധർ പറയുന്നത്

ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും അപകടകാരിയായ കോവിഡ് വകഭേദം എക്‌സ്.ബി. ബി.യാണെന്ന് മിനസോട്ട സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധിവിദഗ്ധനായ ഡോ. മൈക്കല്‍ ഓസ്റ്റര്‍ഹോം നേരത്തേ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker