KeralaNews

യഥാർത്ഥ വില്ലൻ ജഗദീഷ്? മോഹൻലാലും മമ്മൂട്ടിയും മാധ്യമങ്ങളെ വിളിക്കാൻ ആവശ്യപ്പെട്ടു, ജഗദീഷ് തടഞ്ഞു'; ജോസ് തോമസ്

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പത്രസമ്മേളനം വിളിച്ച് ചേർക്കണമെന്ന മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നിർദ്ദേശത്തെ എതിർത്തത് ജഗദീഷ് എന്ന് വെളിപ്പെടുത്തൽ. ഫെഫ്ക ഭാരവാഹി ജോസ് തോമസ് ആണ് ഇക്കാര്യം പറഞ്ഞത്. ജഗദീഷ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞതിന്റെ പൊളിറ്റിക്സ് എന്താണെന്ന് തനിക്ക് അറിയില്ലെന്നും ജോസ് തോമസ് പറഞ്ഞു.

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് ഒരു പത്രസമ്മേളനം നടത്തണമെന്ന് മോഹൻലാലും മമ്മൂട്ടിയും പറഞ്ഞിരുന്നു. എന്നാൽ പത്രസമ്മേളനം നടത്തരുതെന്ന് ജഗദീഷ് പറഞ്ഞു. തടസവാദം ഉന്നയിച്ചുവെന്ന് ബി ഉണ്ണികൃഷ്ണൻ ആണ് പറഞ്ഞത്. ജഗദീഷ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞതിന്റെ പൊളിറ്റിക്സ് എന്താണെന്ന് എനിക്ക് അറിയില്ല.ഇത് സംഭവിച്ച കാര്യമാണ്’, ജോസ് തോമസ് പറഞ്ഞു.

‘ജഗദീഷിനെ കുറ്റപ്പെടുത്തിയതല്ല, ആരെയെങ്കിലും വഞ്ചിക്കാനോ കൊലക്ക് കൊടുക്കാനോ അല്ല ജഗദീഷ് അത് പറഞ്ഞത്. പഠിച്ചിട്ട് സംസാരിക്കാം എന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്. അത് സത്യമാണ്, അതിന്റെ പേരിൽ ജഗദീഷിനെ ബലിയാടാക്കേണ്ട. പെട്ടെന്ന് മാധ്യമങ്ങൾ കുറെ ചോദ്യം ഉയർത്തിയാൽ അതിന് കൃത്യമായ മറുപടി കൊടുക്കാൻ കഴിയുമായിരുന്നില്ലെന്ന് തോന്നിക്കാണും അദ്ദേഹത്തിന്. അതുകൊണ്ട് കൂടിയായിരിക്കും പത്രസമ്മേളനം നടത്തരുതെന്ന് പറഞ്ഞത്.

അദ്ദേഹത്തിന് മാധ്യമങ്ങളെ കണ്ട് പരിചയമുള്ള വ്യക്തിയാണ്. പിന്നീട് അറിയിക്കാം എന്ന് പറഞ്ഞാലും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പെട്ടെന്ന് മറുപടി നൽകാൻ സാധിച്ചേക്കെന്ന് വരില്ല. ജഗദീഷ് പിന്നീട് പ്രതികരിച്ച് സിദ്ധിഖിന്റെ പത്രസമ്മേളനം ശരിയായില്ലെന്ന് തോന്നിക്കാണും. ജഗദീഷ് എന്തുകൊണ്ട് അത്തരത്തിൽ സംസാരിച്ചുവെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കേണ്ടി വരും’, ജോസ് തോമസ് വിശദീകരിച്ചു.

അതേസമയം ജ​ഗദീഷ് മാത്രമല്ല, മമ്മൂട്ടിക്കും മാധ്യമങ്ങളെ കാണാൻ താൽപര്യമില്ലായിരുന്നുവെന്നാണ് ജഗദീഷ് തന്നോട് പറഞ്ഞതെന്ന് നിർമ്മാതാവ് ലിബർട്ടി ബഷീർ പറഞ്ഞു. ‘എടുത്ത് ചാടി ഒരു പത്രസമ്മേളനം നടത്തേണ്ടെന്നായിരുന്നു തീരുമാനം. ജഗദീഷ് പറഞ്ഞത് കൊണ്ട് മാത്രം തീരുമാനമെടുക്കുന്നത് നടക്കാത്ത കാര്യമാണ്. മമ്മൂട്ടി കൂടി പറഞ്ഞതോടെയാണ് പെട്ടെന്നുള്ള പത്രസമ്മേളനം വേണ്ടെന്ന് തീരുമാനിച്ചത് എന്നാണ് ജഗദീഷ് തന്നോട് പറഞ്ഞത്. ചെയ്തത് നല്ല കാര്യമാണ്. കാരണം ആ വിഷയം കൃത്യമായി പഠിക്കാതെ എടുത്ത് ചാടി ഒരു തീരുമാനം എടുക്കുന്നത് തിരിച്ചടിയായേനെ.

മോഹൻലാൽ ഇതിലും വലിയ വിഷയം വന്നാലും യാതൊരു അഭിപ്രായവും പറയാത്ത വ്യക്തിയാണ്. വർഷങ്ങളായി അദ്ദേഹത്തെ അറിയാം എനിക്ക്. മറ്റുള്ളവർ പറഞ്ഞാൽ അത് അനുസരിക്കുന്നതാണ് രീതി. പ്രത്യേകിച്ച് മമ്മൂക്കയൊക്കെ പറയുമ്പോൾ അനുസരിക്കും. സിദ്ധിഖ് പത്രസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ജഗദീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

സിദ്ധിഖ് പറഞ്ഞത് തെറ്റായിപ്പോയെന്ന തോന്നൽ എനിക്കും ഉണ്ടായിരുന്നു. സിദ്ധിഖിനെ സംബന്ധിച്ച് അത്തരം പത്രസമ്മേളനം നടത്തിയൊക്ക ഒരു പരിചയക്കുറവ് ഉണ്ട്. അതേസമയം ജഗദീഷ് ഒരു അധ്യാപകനാണ്. എങ്ങനെ, എന്ത് സംസാരിക്കണമെന്ന് വ്യക്തതയുണ്ട് അദ്ദേഹത്തിന്’, ലിബർട്ടി ബഷീർ വ്യക്തമാക്കി.

സിദ്ധിഖിന്റെ വാർത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു മാധ്യമങ്ങൾക്ക് മുന്നിൽ നേതൃത്വത്തെ പ്രതികൂട്ടിൽ നിർത്തിക്കൊണ്ട് ജഗദീഷ് പ്രതികരിച്ചത്. ഒറ്റപ്പെട്ട സംഭവമെന്ന് പറയുന്നതൊക്കെ രക്ഷപ്പെടലാണെന്നും കോടതി അനുവദിക്കുമെങ്കില്‍ വേട്ടക്കാരുടെ പേര് പുറത്തുവരണമെന്നുമാണ് ജഗദീഷ് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker