ശബരിമല: ശബരിമലയിലെ തിരക്കിനുകാരണമായത് പതിനെട്ടാംപടിയിൽ നിർമിക്കുന്ന ഹൈഡ്രോളിക് മേൽക്കൂരയെന്ന് പോലീസ്. പതിനെട്ടാംപടിയിലൂടെ കൂടുതൽ ഭക്തരെ കയറ്റിവിടാനാകാത്തതാണ് കഴിഞ്ഞദിവസങ്ങളിൽ ശബരിമലയിലുണ്ടായ ഭക്തജനത്തിരക്കിന് ഒരുകാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
മുൻവർഷങ്ങളിൽ മണിക്കൂറിൽ 4200 ഭക്തരെവരെ കയറ്റിവിട്ടിരുന്നു. ഇപ്പോഴത് 3600-3900 വരെ മാത്രമാണ്. ഹൈഡ്രോളിക് മേൽക്കൂര (സ്മാർട്ട് റൂഫ്), ഭക്തരെ പടികയറ്റിവിടുന്നതിന് തടസ്സമാകുന്നുവെന്നാണ് പോലീസിന്റെ പരാതി. നാളികേരമുടച്ചശേഷം പടികയറാനെത്തുമ്പോൾ തൂണുകൾ തടസ്സമാണെന്ന് ഭക്തരും പറയുന്നു.
ഏഴാമത്തെ പടിയുടെ ഇരുവശത്തുമുള്ള തൂണുകൾ കാരണം, പോലീസുകാർക്ക് ഭക്തരെ പിടിച്ചുകയറ്റാനാകുന്നില്ല. ഇവിടെ മുമ്പ് പോലീസുകാർക്ക് കാലുറപ്പിച്ച് ചവിട്ടിനിൽക്കാൻ കഴിയുമായിരുന്നു. പടിപൂജയ്ക്ക് മഴ തടസ്സമാകാതിരിക്കാനാണ് പതിനെട്ടാംപടിക്കുമുകളിൽ ഹൈഡ്രോളിക് മേൽക്കൂര നിർമിക്കുന്നത്. പതിനെട്ടാംപടിയുടെ മുന്നിലും ഇരുവശത്തുമായാണ് ഇതിന് തൂണുകൾ സ്ഥാപിച്ചത്.
പതിനെട്ടാംപടിയുടെയും ഇരുവശത്തിന്റെയും കാഴ്ച മറയ്ക്കുന്ന രീതിയിലാണ് ഇതിന്റെ രൂപരേഖ. തൂണുകൾ, വാസ്തുപ്രകാരമാണ് നിർമിച്ചിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. മേൽക്കൂര നിർമാണത്തിനുനേരെ ലഭിച്ച പരാതിയിൽ ഹൈക്കോടതി കേസെടുത്തിരുന്നു. ഇതേക്കുറിച്ച് വിശദീകരണം നൽകാനും കോടതി ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മേൽക്കൂര നിർമാണത്തിൽ കോടതിനിർദേശം പാലിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
2011-ൽ പതിനെട്ടാംപടിക്ക് സ്ഥിരം മേൽക്കൂര നിർമിച്ചിരുന്നു. കഴിഞ്ഞവർഷം ദേവപ്രശ്നവിധിയുടെ പശ്ചാത്തലത്തിൽ ഇത് പൊളിച്ചുമാറ്റി. ഈ മേൽക്കൂരയിപ്പോൾ പാണ്ടിത്താവളത്തിലെ ദർശനം കോംപ്ലക്സിന്റെ മുറ്റത്തെ മേൽക്കൂരയായാണ് ഉപയോഗിക്കുന്നത്. അതിന്റെ നിർമാണകാലത്തും കോടതി ഇടപെട്ടിരുന്നു.