ജനുവരിയിൽ രാജ്യത്ത് കോവിഡ്കേസുകൾ വർധിച്ചേക്കും, അടുത്ത 40 ദിവസം നിർണായകം- കേന്ദ്രആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വിദേശത്തുനിന്നു വരുന്നവരിൽ കോവിഡ് വർധിക്കുന്നതാണ് മുന്നറിയിപ്പിനു പിന്നിൽ.
രണ്ടുദിവസത്തിനിടെ വിദേശത്തു നിന്നുവന്ന 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നാളെ (വ്യാഴാഴ്ച) വിമാനത്താവളങ്ങൾ സന്ദർശിക്കും.
മുമ്പത്തെ കോവിഡ് തരംഗത്തിന്റെ രീതി കണക്കിലെടുത്താണ് പുതിയ വിലയിരുത്തലിൽ എത്തിച്ചേർന്നിരിക്കുന്നത്. നേരത്തേ ഈസ്റ്റ് ഏഷ്യയിലെ വ്യാപനം ആരംഭിച്ച് മുപ്പതു മുതൽ മുപ്പത്തിയഞ്ചു ദിവസത്തിനുള്ളിലാണ് ഇന്ത്യയിലും വ്യാപനമുണ്ടായത്. പുതിയൊരു കോവിഡ് തരംഗമുണ്ടായാലും മരണമോ ആശുപത്രിവാസമോ പോലുള്ള ഗുരുതര സാഹചര്യങ്ങൾ കുറവായിരിക്കുമെന്നും മന്ത്രാലയം കരുതുന്നു.
തിങ്കളാഴ്ച 24 മണിക്കൂറിനുള്ളിൽ 1,35,000 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതിൽ 158 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയില്‍ പ്രതിദിനം ഇരുനൂറിനുള്ളിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെങ്കിലും പ്രതിരോധമാർഗങ്ങൾ ഊര്‍ജിതമാക്കുകയാണ് സർക്കാർ.
അതിനിടെ കോവിഡ് പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകളുടെ സ്ഥിതി പരിശോധിക്കാൻ സംസ്ഥാനങ്ങളിൽ ചൊവ്വാഴ്ച നടത്തിയ മോക്ഡ്രിൽ വിജയകരമായി പൂർത്തിയായി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കളക്ടർമാരുടെ മേൽനോട്ടത്തിലാണ് പരിശീലന- പരിശോധനാ പരിപാടികൾ നടന്നത്. അത്യാഹിതവിഭാഗങ്ങളിലുൾപ്പെടെ കിടക്കകൾ, ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, ആംബുലൻസുകൾ തുടങ്ങിയവയുടെ എണ്ണം, ആർ.ടി.പി.സി.ആർ.-ആർ.എ.ടി. പരിശോധനാ കിറ്റുകൾ, പി.പി.ഇ. കിറ്റുകൾ, എൻ-95 മാസ്കുകൾ, മെഡിക്കൽ ഓക്സിജൻ ലഭ്യത, ടെലി മെഡിസിൻ സർവീസിന്റെ പ്രവർത്തനം എന്നിവ പരിശോധിച്ച് റിപ്പോർട്ട് സംസ്ഥാനങ്ങൾ കേന്ദ്രത്തിന് സമർപ്പിച്ചു.
കോവിഡ് ഭീതിയില്ലെങ്കിൽകൂടി രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാനാണ് മോക്ഡ്രിൽ നടത്തിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ചൈന, സൗത്ത് കൊറിയ, അമേരിക്ക, ജപ്പാൻ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ രോഗം വ്യാപിച്ചതോടെയാണ് ഇന്ത്യയിലും പ്രതിരോധമാർഗങ്ങൾക്ക് തുടക്കമിട്ടത്. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആരോഗ്യമന്ത്രാലയം ജാഗ്രതാനിർദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഒമിക്രോൺ വകഭേദമായ ബി.എഫ്.7 ആണ് ചൈനയിലെ വ്യാപനത്തിനു പിന്നിൽ. ഗുജറാത്തിലും ഒഡീഷയിലും ഈ വകഭേദം സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നിരുന്നു. കടുത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, കടുത്തപനി തുടങ്ങിയവയെല്ലാം ബി.എഫ്-7 വകഭേദത്തിൽ കൂടുതൽ കാണുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മുന്‍പ് അസുഖബാധിതരായവരും പ്രായമായവരും ഹൃദ്രോഗം, ഡയബറ്റിസ്, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവ ഉള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നത്.
അമേരിക്ക, യു.കെ., ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നേരത്തേ ബി.എഫ്.7 വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു. പൊതുവിടങ്ങളില്‍ മാസ്ക് ധരിക്കണമെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളും കേന്ദ്രആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. കോവിഡ് ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നുമാണ് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കിയത്.