അങ്കോല (കര്‍ണാടക): ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിനടിയില്‍ അര്‍ജുന്‍ എന്ന കോഴിക്കോട് സ്വദേശിയെ കാണാതായിട്ട് ഇന്ന് ഒന്‍പതാം നാള്‍. ഉരുകുന്ന മനസ്സുമായുള്ള കുടുംബത്തിന്റെയും നാട്ടുകാരുടെയും കാത്തിരിപ്പിന് അന്ത്യമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ന് രാവിലെയും തിരച്ചില്‍ പുനരാരംഭിച്ചിരിക്കുന്നത്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്.
മലയാളിയായ റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച ഷിരൂരിലെത്തുന്നുണ്ട്. മണ്ണിലും വെള്ളത്തിലും ഒരുപോലെ പരിശോധിക്കാന്‍കഴിയുന്ന അത്യാധുനിക ഉപകരണങ്ങളുമായാണ് അദ്ദേഹമെത്തുന്നത്. ഡല്‍ഹിയില്‍നിന്നുള്ള അഞ്ച് സാങ്കേതികവിദഗ്ധരും ഇന്ദ്രബാലനൊപ്പം ചേരും. 20 മീറ്റര്‍ താഴ്ചയില്‍വരെയുള്ള വസ്തുക്കള്‍ അതുപയോഗിച്ച് കണ്ടെടുക്കാന്‍കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ചെളിയും പാറയുമൊന്നും സിഗ്‌നല്‍ലഭിക്കാന്‍ തടസ്സമാവില്ലെന്നതാണ് പ്രത്യേകത. കര, നാവികസേനകള്‍ക്കൊപ്പം ചേര്‍ന്നാണ് തിരച്ചില്‍നടത്തുക. ചൊവ്വാഴ്ച വൈകീട്ടുതന്നെ സംഘം ബെംഗളുരുവിലെത്തിയിരുന്നു. ഡല്‍ഹിയില്‍നിന്നാണ് ഉപകരണം എത്തിച്ചേരേണ്ടത്. അത് ബുധനാഴ്ചയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഷിരൂരിൽ അപകടം നടന്ന മേഖലയിലെ ഭൂപ്രകൃതി വെല്ലുവിളി നിറഞ്ഞതാണ്. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഡ്രോണ്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതാണ് ഉചിതം. ഡ്രോൺ ഘടിപ്പിച്ചിട്ടുള്ള സാങ്കേതികവിദ്യയാണ് തങ്ങളുടെ പക്കലുള്ളത്. ഇത് ഉപയോഗിച്ച് സ്കാൻ ചെയ്ത് കുറച്ചുകൂടി വേഗത്തിൽ ലോറി കണ്ടുപിടിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഇന്ദ്രബാലൻ പറഞ്ഞിരുന്നു.
അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ മോശം കാലാവസ്ഥകാരണം ചൊവ്വാഴ്ച ശരിയായ വിധത്തില്‍ നടന്നിരുന്നില്ല. മഴയും ഗംഗാവാലി നദിയിലെ കുത്തൊഴുക്കുംകാരണം നാവികസേനയുടെ സ്‌കൂബാ ടീമിന് പുഴയിലിറങ്ങി തിരച്ചില്‍നടത്താന്‍ കഴിഞ്ഞില്ല. റഡാര്‍ ബോട്ടില്‍വെച്ച് നദിയില്‍ പരിശോധനനടത്തുകയാണ് ചൊവ്വാഴ്ച ചെയ്തത്.
തിങ്കളാഴ്ച കരയില്‍നിന്ന് 40 മീറ്റര്‍ ദൂരെ നദിയില്‍ തുരുത്തുരൂപപ്പെട്ട ഭാഗത്ത് സിഗ്‌നല്‍ കണ്ടെത്തിയിരുന്നെങ്കിലും അവിടെ വെള്ളംകൂടിയതോടെ മണ്ണുനീക്കാനായില്ല. സൈന്യത്തിന്റെ നേതൃത്വത്തില്‍ കരയോടുചേര്‍ന്നുള്ള ഭാഗത്ത് നാലുതട്ടുകളിലായി മണ്ണുനീക്കി ജി.പി.ആര്‍. (റഡാര്‍) ഉപയോഗിച്ച് പരിശോധിച്ചെങ്കിലും അവിടെയും സൂചനകളൊന്നും കിട്ടിയില്ല.