FeaturedHome-bannerKeralaNews

ആക്രമിക്കപ്പെട്ട നടിയുടെ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. ഇന്ന് രാവിലെ കോടതി നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് അഭിഭാഷകയായ അഡ്വ. പി.വി മിനി മുഖേനെ നടി ആവശ്യപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് നിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് അറിയിച്ചു. ഇനി മറ്റൊരു ബെഞ്ച് ഈ കേസ് പരിഗണിക്കും. ഏത് ബെഞ്ചിലേക്ക് ഹര്‍ജി മാറ്റണമെന്നത് ഇനി ചീഫ് ജസ്റ്റിസ് ആവും തീരുമാനിക്കുക.

കേസ് അട്ടിമറിക്കുന്നുവെന്ന് കാണിച്ച് വിചാരണക്കോടതി ജഡ്ജിക്കെതിരേ നടി രംഗത്തുവന്നിരുന്നു. സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ഗുരുതര ആരോപണവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും പാതിവെന്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

കോടതിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റംവന്നതായി ഫൊറന്‍സിക് ലാബില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഇക്കാര്യത്തില്‍ വിചാരണക്കോടതി ജഡ്ജി ഒരു അന്വേഷണവും നടത്തിയില്ല. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടമില്ലെങ്കില്‍ തുടരന്വേഷണം ശരിയായവിധം നടക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടിയുടെ ഹര്‍ജി. തുടരന്വേഷണ റിപ്പോര്‍ട്ട് മേയ് 31-നകം നല്‍കാന്‍ അന്വേഷണസംഘം നീക്കം നടത്തുന്നതിനിടെയാണ് ഹര്‍ജി. ഇന്ന് ഈ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പ്രസ്തുതബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ടും നടിയുടെ അഭിഭാഷക ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker