കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ; എല്ലാ ഇന്ത്യൻ പൗരന്മാരും ഉടൻ ലെബനൻ വിടണമെന്ന് ഇന്ത്യൻ എംബസി
ബെയ്റൂട്ട്: ലെബനനിലെ ഇന്ത്യൻ പൗരൻമാർ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് നിർദ്ദേശം നൽകി ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി. ഹിസ്ബുല്ലയ്ക്ക് എതിരെ ഇസ്രായേൽ കരയുദ്ധം ആരംഭിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. നിലവിൽ, ഏകദേശം 4,000 ഇന്ത്യക്കാരാണ് ലെബനനിൽ ഉള്ളത്. പ്രധാനമായും നിർമ്മാണ മേഖലയിലും കാർഷിക മേഖലയിലുമാണ് ഇന്ത്യക്കാർ കൂടുതലായി ജോലി ചെയ്യുന്നത്. ഇതിന് പുറമെ വിവിധ കമ്പനികളിലും നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്.
‘ലെബനനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാൻ ശക്തമായ നിർദ്ദേശം നൽകുന്നു. ഏതെങ്കിലും കാരണത്താൽ അവിടെ തുടരുന്നവരുണ്ടെങ്കിൽ അതീവ ജാഗ്രത പാലിക്കാനും യാത്രകൾ നിയന്ത്രിക്കാനും ബെയ്റൂട്ടിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും നിർദ്ദേശിക്കുന്നു’വെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാനായി ഇ-മെയിൽ ഐഡിയും ([email protected]) എമർജൻസി ഫോൺ നമ്പറും (+96176860128) ഇന്ത്യൻ എംബസി നൽകിയിട്ടുണ്ട്.
അതേസമയം, ഗാസയിൽ ഹമാസുമായുള്ള യുദ്ധം അയവില്ലാതെ തുടരുന്നതിനിടെയാണ് ഇസ്രായേൽ ഹിസ്ബുല്ലയുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്. ഹിസ്ബുല്ലയുടെ ആശയവിനിമയോപാധികളായ പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ച് 40-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാനിലെ മാധ്യമങ്ങൾ ഉൾപ്പെടെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം ഇസ്രായേലിനെതിരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി. തുടർന്നാണ് ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയത്.
ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവനായിരുന്ന ഹസൻ നസ്രല്ല ഉൾപ്പെടെ നിരവധി പ്രധാന നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് കരയുദ്ധം ആരംഭിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചത്. തുടർന്ന് തെക്കൻ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തി. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധ മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചിട്ടുണ്ട്. 2006ൽ ഒരു മാസം നീണ്ടുനിന്ന ഏറ്റുമുട്ടലിനിടെയാണ് ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ അവസാനമായി കരയുദ്ധം നടന്നത്.