ചെന്നൈ∙ സഞ്ജു സാംസണ് അവസരം നിഷേധിക്കുന്നത് നീതിയല്ലെന്ന് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.സഞ്ജു സാംസൺ എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്കു വേണ്ടി കളിക്കണമെന്നാണ് എന്റെ ആഗ്രഹം. അസാധ്യമായ മികവുള്ള താരം മികച്ച ഫോമിലുമാണ്. കളിച്ചില്ലെങ്കിലും സഞ്ജുവല്ലേ ട്രെൻഡിങ്ങിലെന്നും അശ്വിൻ ചോദിച്ചു. യുട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സഞ്ജു ഇന്ത്യയ്ക്കു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്നത് കാണാനായി കാത്തിരിക്കുകയാണെന്നും അശ്വിൻ പറഞ്ഞു.
സഞ്ജുവിന് അവസരം നൽകാത്തതിൽ വ്യക്തിപരമായ കാരണങ്ങൾ ഒന്നും ഇല്ലെന്ന ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ നയിച്ച ഹാർദിക് പാണ്ഡ്യയുടെ പ്രതികരണത്തെയും അശ്വിൻ പരാമർശിച്ചു. സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആകുന്ന ചോദ്യത്തിന് ധോണി സ്റ്റെലിൽ ആയിരുന്നു ഹാർദിക് പാണ്ഡ്യയുടെ മറുപടിയെന്നും, വളരെ തന്ത്രപരമായി ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഹാർദിക്കിന് കഴിഞ്ഞുവെന്നും അശ്വിൻ പറഞ്ഞു. വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള കൗശല്യം ധോണിയിൽ നിന്നായിരിക്കും ഹാർദിക് പഠിച്ചതെന്നും അശ്വിൻ പറഞ്ഞു.
ഇത് ചെറിയ പരമ്പരയായിരുന്നുവെന്നും അതിനാലാണ് കൂടുതൽ താരങ്ങൾക്ക് അവസരം ലഭിക്കാതെ പോയതെന്നുമായിരുന്നു ഹാർദിക് മാധ്യമങ്ങളോട് പറഞ്ഞത്. സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഉണ്ടായിരുന്നെങ്കിൽ പല കാരണങ്ങൾ കൊണ്ട് അതിനു സാധിച്ചില്ലെന്നും ഹാർദിക് അഭിപ്രായപ്പെട്ടു. മൂന്നാം ട്വന്റി20 മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം.
സഞ്ജുവിന്റെ കാര്യമെടുക്കുകയാണെങ്കിൽ അത് ദൗർഭാഗ്യകരമെന്നു തന്നെ പറയാം. അദ്ദേഹത്തെ കളിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. എന്നാൽ പല കാര്യങ്ങൾ കൊണ്ട് അതിനു സാധിച്ചില്ല. എന്നാൽ അവരുടെ വിഷമം എനിക്ക് മനസ്സിലാകും. ഇന്ത്യൻ ടീമിൽ നിങ്ങൾക്ക് അവസരം ലഭിച്ചിട്ടും പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടില്ല– ഇത് വളരെ ബുദ്ധിമുട്ടുള്ള അവസ്ഥ തന്നെയാണ്.’– ഹാർദിക് പറഞ്ഞു.
ന്യൂസീലൻഡിനെതിരെ മൂന്നു മത്സരങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ ആദ്യ മത്സരം മഴമൂലം തടസ്സപ്പെട്ടിരുന്നു. മൂന്നാം മത്സരവും മഴമൂലം സമനിലയിൽ അവസാനിച്ചു. പരമ്പര ഇന്ത്യ 1–0ന് സ്വന്തമാക്കി. സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഒരു മത്സരത്തിൽ പോലും കളിപ്പിച്ചിരുന്നില്ല.
ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 306 റൺസെടുത്തു. ഇന്ത്യക്കായി ശിഖർധവാൻ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവർ അർധ സെഞ്ച്വറി നേടി. വീണ്ടും ടീമിന്ത്യക്കായി കളിച്ച സഞ്ജു സാംസൺ 36 റൺസെടുത്തു.
ഇന്ത്യക്കായി ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ചേർന്ന് 124 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും അടുത്തടുത്ത ഓവറുകൾ പുറത്താവുകയും പിന്നീടെത്തിയ പന്തിനും സൂര്യകുമാറിനും ക്രീസിൽ നിലയുറപ്പിക്കാൻ കഴിയാതെ വന്നതോടെ ഇന്ത്യ പ്രതിസന്ധിയെ അഭിമുഖീകരിച്ചു.
പിന്നീട് ശ്രേയസ് അയ്യർക്കൊപ്പം സഞ്ജു സാംസൺ എത്തിയതോടെ ഇന്ത്യൻ സ്കോർബോർഡ് ചലിച്ചു. 45ാം ഓവറിലാണ് സഞ്ജു പുറത്തായത്. സഞ്ജു പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ വാഷിങ്ടൺ സുന്ദർ അതിവേഗത്തിൽ ബാറ്റ് വീശിയതോടെ ഇന്ത്യൻ സ്കോർ 300 കടക്കുകയായിരുന്നു.