കൊച്ചി: ഇന്ത്യക്കാര്‍ വിദേശത്തു വച്ച് വിദേശിയെ വിവാഹം ചെയ്താല്‍ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. ഇങ്ങനെ വിവാഹിതരാവുന്നവര്‍ ഫോറിന്‍ മാര്യേജ് ആക്ട് പ്രകാരം നടപടിയെടുക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2014ല്‍ ഇന്തൊനീഷ്യയില്‍ വിവാഹിതരായ തൃശൂര്‍ സ്വദേശി വിപിനും ഇന്തൊനീഷ്യക്കാരിയായ മാദിയ സുഹാര്‍ത്തികയും നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണു ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്.
ഇന്ത്യന്‍ പൗരന്മാരുള്‍പ്പെട്ട വിവാഹം വിദേശത്തു നടന്നാല്‍ ഫോറിന്‍ മാര്യേജ് ആക്ട് ആണു ബാധകം. ആയതിനാല്‍ ഫോറിന്‍ മാര്യേജ് ആക്ട് പ്രകാരം ഹര്‍ജിക്കാര്‍ക്ക് ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ സൗകര്യമൊരുക്കാന്‍ കോടതി നിര്‍ദേശിച്ചു. നാട്ടില്‍ സ്ഥിരതാമസമാക്കിയ വിപിനും ഭാര്യയും സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹ രജിസ്‌ട്രേഷന് അപേക്ഷ നല്‍കിയിട്ടു നടക്കാത്ത സാഹചര്യത്തിലാണു കോടതിയെ സമീപിച്ചത്. വിവാഹം നടത്തിയത് ഇന്തൊനീഷ്യയിലെ സിവില്‍ നിയമപ്രകാരമാണെന്നും ഫോറിന്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യയില്‍ ഉള്ളവര്‍ക്കുമാണു സ്‌പെഷല്‍ മാര്യേജ് ആക്ട് ബാധകം. വിവാഹിതരില്‍ ഒരാള്‍ക്ക് ഇന്ത്യന്‍ പൗരത്വമുണ്ടെങ്കില്‍ ഈ നിയമപ്രകാരം വിദേശത്തെ മാര്യേജ് ഓഫിസര്‍ക്കു മുന്നില്‍ റജിസ്റ്റര്‍ െചയ്യാന്‍ സാധിക്കുമെന്നു കോടതി ചൂണ്ടിക്കാട്ടി. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം റജിസ്‌ട്രേഷന്‍ അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
ഫോറിന്‍ മാര്യേജ് ആക്ട് പ്രകാരം റജിസ്‌ട്രേഷന് ഇന്തൊനീഷ്യയിലെ ഇന്ത്യന്‍ എംബസിയിലെ മാര്യേജ് ഓഫിസര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണമെന്നും മാര്യേജ് ഓഫിസര്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖേന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.