ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ടുവെന്ന് റിപ്പോർട്ട്. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലായിരുന്നു അപകടം.
ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽനിന്ന് 600 കിലോമീറ്ററോളം അകലെയാണ് അപകടമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലിക്കോപ്റ്റര്‍ തിരിച്ചിറക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
മോശം കാലാവസ്ഥ മൂലം രക്ഷാപ്രവർത്തകർക്ക് സ്ഥലത്തേക്കെത്താൻ ബുദ്ധിമുട്ടുള്ളതായി വാർത്താ ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്തു. കാറ്റിനൊപ്പം ശക്തമായ മഴയും പ്രദേശത്ത് അനുഭവപ്പെടുന്നുണ്ട്. ഇറാൻ വിദേശകാര്യമന്ത്രിയും ഹെലിക്കോപ്റ്ററിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
അസർബൈജാനും ഇറാനും ചേർന്ന് അരാസ് നദിയിൽ നിർമിച്ച മൂന്നാമത്തെ അണക്കെട്ടിന്റെ ഉദ്ഘാടമായിരുന്നു ഞായറാഴ്ച. ഈ ചടങ്ങിൽ അസർബൈജാൻ പ്രസിഡന്റ് ഇല്‍ഹാം അല്‍യേവിനൊപ്പം ഇബ്രാഹിം റൈസി പങ്കെടുത്തിരുന്നു.