CrimeKeralaNewsNews

ക്യാപ്സ്യൂളിൽ മൊട്ടു സൂചി; പിന്നിൽ മരുന്ന് കമ്പനി ലോബിയോ? ഡിജിപിക്ക് പരാതി

തിരുവനന്തപുരം:വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡിജിപിക്ക് രേഖാമൂലം പരാതി നൽകി.  ആരോപണത്തിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതി. സർക്കാർ മരുന്ന് വിതരണ സംവിധാനത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമെന്നാണ് വകുപ്പ് സംശയിക്കുന്നത്. അതേസമയം, മൊട്ടുസൂചി ഗുളികയിൽ കണ്ടെത്തിയെന്ന വ്യാജ പരാതിക്കെതിരെ പൊതുപ്രവര്‍ത്തകന്‍റെ പരാതിയിൽ വിതുര പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തു.  നിജസ്ഥിതി കണ്ടെത്തണമെന്ന പൊതുപ്രവർത്തകന്‍റെ പരാതിയിലാണ് കേസ്. 

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും കിട്ടിയ ഗുളികയിൽ മൊട്ടു സൂചി കണ്ടെത്തിയെന്നായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച ഉയർന്ന പരാതി. ശ്വാസംമുട്ടലിന് ചികിത്സ തേടിയ മേമല സ്വദേശി വസന്തയ്ക്ക് നൽകിയ സി-മോക്സ് ക്യാപ്സ്യൂള്‍ ഗുളികയെ ചൊല്ലിയായിരുന്നു പരാതി. സമുഹമാധ്യമങ്ങളിൽ വീഡിയോ അടക്കം പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.  വകുപ്പ് നടത്തിയ തെളിവെടുപ്പിലും പരിശോധനയിലും പരാതിയിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയത് .

പരാതിക്കാരിയുടെ കൈവശമുണ്ടായിരുന്ന ബാക്കിയുള്ള ഗുളികകളിലോ, മറ്റ് സ്റ്റോക്കിലോ പ്രശ്നമൊന്നും കണ്ടെത്തിയിരുന്നില്ല. ആദ്യം കഴിച്ച ഗുളികളിലും മൊട്ടു സൂചിയുണ്ടായിരുന്നോ എന്ന സംശയം പരാതിക്കാരി ഉന്നയിച്ചെങ്കിലും എക്സേറെ പരിശോധനയിലും അപാകത ഒന്നും കണ്ടെത്തിയിരുന്നില്ല.  ഇതോടെയാണ് സംഭവത്തിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന സംശയമുയർന്നത്.

മരുന്ന് കമ്പനിയിൽ നിന്ന് കെഎംഎസ്‍സിഎൽ വഴി ശേഖരിച്ച ഗുളികയാണ് ആശുപത്രി ഫാർമസിയിലൂടെ വിതരണം ചെയ്തത്.  സർക്കാർ മരുന്ന് വിതരണ സംവിധാനത്തെ മോശമാക്കി ചിത്രീകരിക്കാൻ ബോധപൂർവം ശ്രമുണ്ടായിട്ടുണ്ടോ എന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. സംസ്ഥാനത്ത് കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്ക് മരുന്നുകൾ ഫാർമസി വഴി നൽകുന്നത് അടുത്തിടെ കർശനമായി നിരോധിച്ചിരുന്നു. നടപടിയും ശക്തമാക്കിയിരുന്നു.  

ആന്റി ബയോട്ടിക്ക് മരുന്ന് വിൽപന സംസ്ഥാനത്ത് കുത്തനെ കുറഞ്ഞെന്ന കണക്കും പുറത്തുവന്നിരുന്നു. കച്ചവടം കുറഞ്ഞതോടെ സ്വകാര്യ മരുന്ന് കമ്പനികളുടെ ലോബി, പൊതുസംവിധാനത്തെ തകർക്കാൻ ശ്രമിക്കുകയാണോ എന്ന സംശയമാണ് ആരോഗ്യവകുപ്പിനുള്ളത്.  ശക്തമായ അന്വേഷണം ആവശ്യപ്പട്ടാണ് ഡിഎച്ച്എസ് രേഖാമൂലം ഡിജിപിയെ പരാതി അറിയിച്ചത്.നേരത്തെ മെയ്ൽ വഴിയും വിവരം കൈമാറിയിരുന്നു. ഇതിനകം തന്നെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker