മകളുടെ കാര്യത്തിലാണ് ദുഖം; അവളുടെ അവസ്ഥയിൽ ആരെയും പഴിച്ചിട്ട് കാര്യമില്ല; സിദ്ദിഖ് പറഞ്ഞത്
കൊച്ചി:പ്രാർത്ഥനകൾ വിഫലമാക്കി സംവിധായകൻ സിദ്ദിഖ് ലോകത്തോട് വിട പറഞ്ഞു. ഹിറ്റ് മേക്കറായ സംവിധായകന്റെ മരണം സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഏറെ വിഷമിപ്പിക്കുന്നു. ഗോഡ്ഫാദർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച സിദ്ദിഖിന്റെ വിയോഗം മലയാള സിനിമാ ലോകത്തെ സംബന്ധിച്ച് വലിയ നഷ്ടമാണ്. 67ാം വയസ്സിലാണ് സിദ്ദിഖ് വിട വാങ്ങുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില ഗുരുതരമാണെന്ന റിപ്പോർട്ടുകൾ വന്നത് മുതൽ ഏവരും പ്രാർത്ഥനയിലായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം.ചലച്ചിത്ര ലോകത്തിന്റെ മുഴുവന്‍ ആദരവും ഏറ്റുവാങ്ങി മൃതദേഹം സംസ്‌കരിയ്ക്കുകയും ചെയ്തു. പ്രേക്ഷകരെ ചിരിപ്പിച്ച സിദ്ദിഖിന് ജീവിതത്തിൽ വലിയൊരു ദുഖം ഉണ്ടായിരുന്നു. മുമ്പൊരിക്കൽ കൈരളി ടിവിയിലെ ഷോയിൽ പങ്കെടുക്കവെയാണ് സിദ്ദിഖ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
ആ വേദന എന്റെ വ്യക്തിജീവിതവുമായ ബന്ധപ്പെട്ടതാണ്. തുറന്ന് പറയുന്നത് കൊണ്ട് പ്രായാസം ഒന്നുമില്ല. എന്റെ ഇളയമകൾ വികലാംഗയാണ്. അതെന്നും എന്റെ ദുഖമാണ്. നമ്മൾ തീരുമാനിക്കുന്ന കാര്യമാെന്നുമല്ല അത്. ദൈവത്തിന്റെ കൈയിലാണ്. അവളുടെ അവസ്ഥയിൽ ആരെയും പഴിച്ചിട്ട് കാര്യമില്ല. അത് ദൈവത്തിന്റെ തീരുമാനമാണ്. അവളെ സന്തോഷത്തോടെ കൊണ്ട് പോകാൻ മാത്രമേ ഞങ്ങൾക്ക് പറ്റൂ. എന്റെ വീക്നെസ് ആണ് കുടുംബം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും സിദ്ദിഖ് അന്ന് തുറന്ന് പറഞ്ഞത്.
ഞാൻ വീട്ടിൽ തന്നെ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നയാളാണ്. പക്ഷെ ഭാര്യയും മക്കളും എന്നോടൊപ്പം പുറത്ത് പോകാൻ ആഗ്രഹിച്ചാണ് എന്നെ കാത്തിരിക്കുക. എനിക്ക് വേണ്ടി ഭാര്യയും മക്കളും ഒരുപാട് സാക്രിഫൈസ് ചെയ്യുന്നുണ്ട്. അവരുടെ ത്യാഗമാണ് തന്റെ ശക്തിയെന്നും സിദ്ദിഖ് അന്ന് വ്യക്തമാക്കി. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു സിദ്ദിഖ്.
അസുഖത്തിൽ നിന്ന് പതിയെ മോചിതനാകവെയാണ് ഹൃദയാഘാതം വന്നത്. അടുത്ത കാലത്തായി സിനിമാ രംഗത്ത് പഴയത് പോലെ സജീവമായിരുന്നില്ല സിദ്ദിഖ്. 2020 ൽ പുറത്തിറങ്ങിയ ബിഗ് ബ്രദറാണ് സിദ്ദിഖ് അവസാനമായി സംവിധാനം ചെയ്ത സിനിമ.
1960 ആഗസ്റ്റ് ഒന്നിനാണ് സിദ്ദിഖിന്റെ ജനനം. ഇസ്മയിൽ ഹാജി, സൈനബ എന്നിവരാണ് മാതാപിതാക്കൾ. സജിത എന്നാണ് ഭാര്യയുടെ പേര്. 1984 ലായിരുന്നു വിവാഹം. മൂന്ന് പെൺമക്കളാണ് ദമ്പതികൾക്ക് പിറന്നത്. സുമയ, സാറ, സുകൂൻ എന്നിങ്ങനെയാണ് മക്കളുടെ പേര്. സംവിധായകൻ ഫാസിലിന്റെ സഹസംവിധായകനായാണ് സിദ്ദിഖും ഒപ്പം ലാലും സംവിധാന രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് മലയാള സിനിമാ രംഗത്ത് തരംഗമായി മാറി.
റാംജി റാവു സ്പീക്കിംഗ് ആണ് ഈ കൂട്ടുകെട്ടിൽ ആദ്യമായി പുറത്തിറങ്ങിയ സിനിമ. 1989 ൽ പുറത്തിറങ്ങിയ സിനിമ വൻ ഹിറ്റായി. 1991 ൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ എന്ന സിനിമയുടെ വിജയം പകരം വെക്കാനില്ലാത്ത കൂട്ടുകെട്ടായി സിദ്ദിഖിനെയും ലാലിനെയും മാറ്റി. എന്നാൽ 1993 ൽ ഇരുവരും പിരിഞ്ഞു. ലാൽ നടൻ, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനായി. മറുവശത്ത് ഒറ്റയ്ക്ക് സംവിധാനം ചെയ്ത് സിദ്ദിഖും പേരെടുത്തു.
ഹിറ്റ്ലർ, ഫ്രണ്ട്സ് എന്നീ സിനിമകൾ സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്തതാണ്. ഈ സിനിമകൾ നിർമ്മിച്ചത് ലാലിന്റെ നിർമാണ കമ്പനിയായ ലാൽ പ്രൊഡക്ഷൻ ഹൗസാണ്. രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം 2016 ൽ കിംഗ് ലയർ എന്ന സിനിമയുടെ തിരക്കഥാ രചനയ്ക്ക് ഇരുവരും വീണ്ടും ഒരുമിച്ചു.