തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂര്‍ണ രൂപം സർക്കാർ, പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ്ഐടിക്ക് നേതൃത്വം നൽകുന്ന ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് റിപ്പോര്‍ട്ട് കൈമാറിയത്. പ്രത്യേക സംഘത്തിന്‍റെ യോഗം ക്രൈം ബ്രാഞ്ച് എഡിജിപി ഇന്ന് വിളിച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി കൊടുത്തവരെയെല്ലാം പ്രത്യേക സംഘം നേരിൽ കണ്ട് അന്വേഷണം നടത്തും. കേസെടുക്കാൻ പരാതിക്കാർ തയ്യാറായാൽ മുന്നോട്ടുപോകണമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്. 50 ലധികം പേർ ഹേമ കമ്മിറ്റി മുൻപാകെ മൊഴി നൽകിയിട്ടുണ്ട്. ഇവരെ എസ്ഐടി നേരിട്ട് കാണും.
രണ്ടാഴ്ചക്കുള്ളിൽ പ്രത്യേക സംഘം സർക്കാരിന് ആക്ഷൻ ടേക്കണ്‍ റിപ്പോർട്ടും സമർപ്പിക്കണം. അതിനായി അന്വേഷണ സംഘത്തിലെ ഓരോരുത്തരും ചെയ്യേണ്ട നടപടികള്‍ ചർച്ച ചെയ്യാനാണ് ഇന്നത്തെ യോഗം.
റിപ്പോർട്ടിന്മേൽ കർശനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാകും സർക്കാരിന്റെ തുടർനടപടികളെന്നു സൂചനയുണ്ട്. മൊഴി നൽകിയവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച ഡബ്ല്യുസിസി അംഗങ്ങളും ഈ രണ്ടു കാര്യങ്ങളിലാണ് ഊന്നൽ നൽകിയത്. കേസ് അടുത്ത തവണ കോടതി പരിഗണിക്കുമ്പോൾ ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യം സർക്കാർ കോടതിക്കു മുന്നിൽ വയ്ക്കും. സിനിമാമേഖലയിൽ സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് കൂടുതൽ നിയന്ത്രണങ്ങളിലേക്കു നീങ്ങാനുള്ള തീരുമാനവും അറിയിക്കും.
സിനിമാനയം രൂപപ്പെടുത്താനുള്ള കോൺക്ലേവിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തും. ഏറെ രഹസ്യമായി സൂക്ഷിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് കൂടുതൽ പേരിലേക്ക് എത്തിയാൽ ഉണ്ടായേക്കാവുന്ന സാഹചര്യത്തെപ്പറ്റി സർക്കാരിനു ബോധ്യമുണ്ട് എന്നതിനാൽ വേണ്ടത്ര ഗൃഹപാഠം ചെയ്തായിരിക്കും നടപടികൾ. സാംസ്കാരിക വകുപ്പ് സൂക്ഷിച്ച റിപ്പോർട്ട് ഭേദഗതികളോടെ ആദ്യം പുറത്തുവന്നു. പിന്നീട് കോടതിക്കു മുന്നിലെത്തി. പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലേക്കും ഇപ്പോൾ സമ്പൂർണ റിപ്പോർട്ട് എത്തി. ദേശീയ വനിതാകമ്മിഷൻ റിപ്പോർട്ട് തേടാനുള്ള സാധ്യതയുമുണ്ട്.