തിരുവനന്തപുരം: ഓണാഘോഷം തീര്‍ന്നതിന് പിന്നാലെ ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന അവസ്ഥയിൽ സംസ്ഥാന ഖജനാവ്. കടമെടുപ്പ് സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയതിനാൽ കേരളം ട്രഷറി നിയന്ത്രണത്തിന്‍റെ വക്കിലാണ്. രണ്ട് മാസത്തെ ക്ഷേമ പെൻഷൻ, എല്ലാവര്‍ക്കും ഓണക്കിറ്റ്, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങൾ മുതൽ കെഎസ്ആര്‍ടിസിയുടെ അത്യാവശ്യത്തിന് വരെ തുക കണ്ടെത്തേണ്ടി വന്ന കേരളം ഓണക്കാലത്ത് ചെലവിട്ടത് 15000 കോടി രൂപയാണ്.
ഇതിനൊപ്പം വിവിധ വകുപ്പുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങൾക്ക് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കണ്ടെത്തേണ്ടി വന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നാണ് ധനവകുപ്പിന്‍റെ വിലയിരുത്തൽ. സാമ്പത്തിക വര്‍ഷം അഞ്ച് മാസം പിന്നിടുമ്പോൾ നിശ്ചയിച്ച 43 ശതമാനത്തിന് പകരം നൂറ് ശതമാനം ചെലവിട്ട വകുപ്പുകളുമുണ്ട് കൂട്ടത്തിൽ. ഇക്കാര്യത്തിൽ നിയന്ത്രണവും ആലോചിക്കുന്നു. കേന്ദ്രത്തിൽ നിന്ന് ധനക്കമ്മി നികത്തൽ ഗ്രാന്‍റും ജിഎസ്ടി നഷ്ടപരിഹാരവും കിട്ടിയില്ല. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതുവഴി മാത്രം 23000 കോടിരൂപയുടെ ബാധ്യത സംസ്ഥാന ഖജനാവിനുണ്ടായി.
റിസര്‍വ് ബാങ്കിൽ നിന്ന് എടുക്കാവുന്ന വെയ്സ് ആന്‍റ് മീൽസ് പരിധിയും തീര്‍ന്നാണ് ഖജനാവ് ഓവര്‍ഡ്രാഫ്റ്റ് പരിധിയിലേക്ക് എത്തുന്നത്. ഇതിനെല്ലാം പുറമെ 2012 ലെ കടപത്ര മുതലും തിരിച്ചടക്കേണ്ടത് ഈ വര്‍ഷമാണ്. പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായില്ലെങ്കിൽ ട്രഷറി നിയന്ത്രണത്തിനും സാധ്യതയുണ്ട്. സ്കോളര്‍ഷിപ്പ്, ചികിത്സാ സഹായം, മരുന്ന് വാങ്ങൽ ശമ്പളം പെൻഷൻ തുടങ്ങി അത്യാവശ്യ നിത്യ ചെലവുകൾക്ക് ഒഴികെ നിയന്ത്രണം വന്നേക്കും.