Actress attack case: നടിയെ ആക്രമിച്ച കേസിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക ശബ്ദരേഖ പുറത്ത്. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ശബ്ദരേഖയാണ് പുറത്തുവന്നത്. ഗൂഢാലോചനയിൽ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയിൽ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണിൽ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്.
“വെറുതെ ആൾക്കാര് പറയുന്നത് കേട്ടുകൊണ്ട് ചേട്ടാ.. കേസിൽ വാലിഡായിട്ടുള്ള എവിഡൻസും പോയിന്റ്സും എല്ലാം നമ്മുടെ കൈയ്യിൽ വേണം. വളരെ സെൻസേഷണലായ കേസിൽ ഒരു ലോജികും ഇല്ലാതെ എന്നെയങ്ങ് വിട്ടേക്ക് എന്നെയങ്ങ് വിട്ടേക്ക് എന്നും പറഞ്ഞ് കൊടുത്താൽ അവരങ്ങ് വിടുമോ? ഇല്ല. അപ്പോൾ അതില് എന്തെങ്കിലും സ്ട്രോങ് സപ്പോർട്ടിങ് ഡോക്യുമെന്റ്സ് കൊടുക്കാതെ എന്നെയങ്ങ് ഒഴിവാക്കെന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല. സാധാരണക്കാരായ ആൾക്കാർ കേൾക്കുമ്പോ ചുമ്മാ ഇത് കേസ് വലിച്ചുനീട്ടാനുള്ള പരിപാടിയാണെന്ന് വിചാരിക്കും. കേസ് ട്രയലിന് പോകാതെ ഡിസ്ചാർജ് ഡിസ്ചാർജ് എന്ന് പറഞ്ഞ് നമ്മള് കേസ് ഡിലേയാക്കുന്നു എന്നു പറയും. ആരായാലും അങ്ങിനെയല്ലേ വിചാരിക്കൂ?.”
കേസിൽ തിങ്കളാഴ്ച തന്നെ കാവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കവുമായാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. കേസിൽ ഇനിയും കാര്യങ്ങൾ തെളിയിക്കപ്പെടാനുണ്ട് എന്ന് കോടതിയെ ബോധ്യപ്പെടുത്തേണ്ട നിലയിലാണ് അന്വേഷണ സംഘം. ഇതിന് ഈ ഓഡിയോ ക്ലിപ് സഹായമാകും.
നടിയെ ആക്രമിച്ച കേസ് മൂന്ന് ശബ്ദരേഖ കൂടി അന്വേഷണസംഘം ഹൈക്കോടതിയിൽ ഹാജരാക്കി. ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജും ശരത്തും തമ്മിലുള്ളതാണ് ഒന്നാമത്തെ സംഭാഷണം. അഭിഭാഷകനായ സുരേഷ് മേനോൻ ദിലീപുമായി നടത്തിയ സംഭാഷണമാണ് രണ്ടാമത്തേത്. ഡോക്ടർ ഹൈദരാലിയും സൂരജും തമ്മിൽ നടത്തിയ സംഭാഷണമാണ് മൂന്നാമത്തേത്.