തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസ് അന്വേഷിച്ച പൊലീസ് സംഘത്തെ അഭിനന്ദിച്ച് കോടതി. പ്രമാദമായ കേസില്‍ കേരള പൊലീസ് സമര്‍ത്ഥമായ അന്വേഷണമാണ് നടത്തിയത് എന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ രീതി മാറിയ കാലത്തിന് അനുസരിച്ച് മാറ്റി എന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തില്‍ പിടിച്ച് നില്‍ക്കാനുള്ള പ്രതിയുടെ ശ്രമം വിജയിച്ചില്ല കോടതി പറഞ്ഞു.
ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. കേസിലെ മൂന്നാം പ്രതി നിര്‍മലന്‍കുമാരന് മൂന്ന് വര്‍ഷത്തെ തടവിനും ശിക്ഷിച്ചു. ഗ്രീഷ്മയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് കോടതി വിധിന്യായം പുറപ്പെടുവിച്ചത്. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത് എന്നും സ്‌നേഹിക്കുന്ന ഒരാളേയും വിശ്വസിക്കാന്‍ കഴിയില്ല എന്ന സന്ദേശമാണ് ഗ്രീഷ്മ നല്‍കിയത് എന്ന് കോടതി പറഞ്ഞു.
സമര്‍ത്ഥമായ കൊലപാതകമാണ് ഗ്രീഷ്മ നടത്തിയത് എന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എഎം ബഷീര്‍ ആണ് വിധിപ്രസ്താവം നടത്തിയത്. 586 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്. പൊലീസ് സാഹചര്യ തെളിവുകള്‍ നന്നായി ഉപയോഗിച്ചു എന്ന് കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്ത എന്ന് മുതല്‍ തെളിവ് സ്വയം കൊണ്ടുനടക്കുകയാണ് എന്ന് പ്രതി അറിഞ്ഞില്ല. ജ്യൂസ് ചലഞ്ച് നടത്തിയാണ് ഷാരോണിനെ പ്രതി ചതിച്ചത്.ഇതിലൂടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു എന്നും കോടതി വ്യക്തമാക്കി.
ഐപിസി 307 കൊലപാതകകുറ്റം തെളിഞ്ഞുവെങ്കിലും പൊലീസ് ഈ വകുപ്പ് ചുമത്തിയില്ല. സരിനുമായുള്ള വിവാഹ നിശ്ചയത്തിന് ശേഷവും ഷാരോണുമായി ഗ്രീഷ്മ ലൈംഗിക ബന്ധം നടത്തിയെന്ന് തെളിഞ്ഞു. പ്രണയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ കാമുകനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും.
ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല എന്നും കേസില്‍ ഷാരോണിന് പരാതിയുണ്ടോ എന്നത് കോടതിക്ക് പ്രധാനമല്ല എന്നും വിധിന്യായത്തില്‍ പറയുന്നു. സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചു. ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയാണ് എന്നും ഒരേസമയം രണ്ടു പേരുമായി ബന്ധം പുലര്‍ത്തി എന്നും കോടതി പറഞ്ഞു.
ഷാരോണിനോട് സംസാരിക്കുമ്പോള്‍ തന്നെ വിവാഹം നിശ്ചയിച്ച ആളുമായും സംസാരിച്ചു. കുറ്റകൃത്യം ചെയ്തിട്ടും അവസാനം വരെ തെളിവ് നശിപ്പിക്കാനായി കാണിച്ച കൗശലം വിജയിച്ചില്ല. വീട്ടിലേക്ക് വിളിക്കുമ്പോള്‍ കൊലപ്പെടുത്താന്‍ ആണ് എന്ന് ഷാരോണ്‍ അറിഞ്ഞില്ല. പ്രതിയുടെ പ്രായം പരിഗണിക്കാന്‍ കോടതിക്ക് ആകില്ലെന്നും ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന വാദം നിലനില്‍ക്കില്ല എന്നും ജഡ്ജി പറഞ്ഞു.
ഗ്രീഷ്മ നേരത്തെ വധശ്രമം നടത്തിയെന്നും വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്യാനാണ് ഗ്രീഷ്മ ശ്രമിച്ചത് എന്നും കോടതി പറഞ്ഞു. കൃത്യമായി നടത്തിയ അന്വേഷണത്തിന്റെ ഫലമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ശില്‍പ ഐപിഎസ് പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടറുടെ ഭാഗത്ത് നിന്ന് വലിയ സഹായം ലഭിച്ചു. വിധിയില്‍ സന്തോഷമുണ്ട്. കേസ് അന്വേഷണത്തില്‍ വെല്ലുവിളികള്‍ ഉണ്ടായിരുന്നു.
ഗ്രീഷ്മ ആദ്യം അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. തെറ്റിദ്ധരിപ്പിക്കുന്ന മൊഴികളാണ് തന്നത്. അന്വേഷണത്തെ വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. എന്നാല്‍ കൃത്യമായ തെളിവുകള്‍ ശേഖരിച്ച് ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മയ്ക്ക് കുറ്റം സമ്മതിക്കേണ്ടതായി വന്നു എന്നും ശില്‍പ കൂട്ടിച്ചേര്‍ത്തു.