ഗുവാഹത്തി : അസമിനെ നുഴഞ്ഞുകയറ്റത്തിൽ നിന്നും പൂർണ്ണമായും സംരക്ഷിക്കാൻ ബിജെപിയ്ക്ക് അഞ്ച് വർഷം കൂടി തരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നാസിറയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
രാജ്യത്തേക്ക് നുഴഞ്ഞു കയറിയ ആളുകളിൽ നിന്നുമാണ് കോൺഗ്രസ് വോട്ടുകൾ പ്രതീക്ഷിക്കുന്നത്. ബിജെപി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കില്ല. കേരളത്തിൽ കോൺഗ്രസ് മുസ്ലീം ലീഗുമായി സഖ്യം ചേരുന്നു. ബംഗാളിൽ ഫുർഫുറ ഷാരിഫുമായും, അസമിൽ ബദറുദ്ദീൻ അജ്മലുമായും ചേർന്നാണ് സഖ്യമുണ്ടാക്കിയിരിക്കുന്നത്. വിജയിക്കാനായി ഏത് തരംതാണ പ്രവൃത്തിയും കോൺഗ്രസ് ചെയ്യുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
അഞ്ച് വർഷങ്ങൾക്ക് മുൻപ് അസ്സമിനെ ഭീകര മുക്തമാക്കുമെന്ന് സത്യം ചെയ്തിരുന്നു. ഈ കാലയളവിൽ ഏതെങ്കിലും കലാപത്തെ തുടർന്ന് നാസിറയിൽ ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് നാസിറ ജനതയോട് ചോദിക്കുകയാണ്. ബദറുദ്ദീന് വോട്ട് ചെയ്യുന്നത് സംസ്ഥാനത്തേക്കുള്ള നുഴഞ്ഞുകയറ്റം വർദ്ധിപ്പിക്കും. നിങ്ങൾക്ക് അസ്സമിനെ നുഴഞ്ഞുകയറ്റക്കാരിൽ നിന്നും മോചിപ്പിക്കണമോ വേണ്ടയോ എന്നും അമിത് ഷാ ചോദിച്ചു.
ബദറുദ്ദീൻ അജമലിനെ പിന്തുണയ്ക്കുന്ന രാഹുൽ ഗാന്ധിയ്ക്ക് അസ്സമിനെ നുഴഞ്ഞു കയറ്റക്കാരിൽ നിന്നും പിൻതിരിപ്പിക്കാൻ കഴിയുമോ?. ബദറുദ്ദീന്റെ ഭരണത്തിൽ അസ്സം ജനതയെ സുരക്ഷിതരാക്കാൻ രഹുലിന് സാധിക്കുമോ?. അഞ്ച് വർഷം കൂടി ഞങ്ങൾക്ക് തരൂ. നുഴഞ്ഞുകയറ്റമെന്നത് സംസ്ഥാനത്ത് പഴയകാര്യമാക്കുമെന്നും അമിത് ഷാ ഉറപ്പുനൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അസ്സം വികസനത്തിന്റെ പാതയിലാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.