കൊച്ചി:സിനിമാ ലോകത്തെ അടുത്ത സുഹൃത്തുക്കൾ ആണ് ദിലീപും ലാൽ ജോസും. ദിലീപിനെക്കുറിച്ച് ലാൽ ജോസ് പറഞ്ഞ രസകരമായ ഒരു സംഭവകഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗസൽ എന്ന സിനിമ കഴിഞ്ഞ് ഞങ്ങളുടെ ഇടയിൽ നിന്നും അക്കു അക്ബറിന് ഒരു ടെലിഫിലിം ചെയ്യാനുള്ള ഓഫർ വന്നു. അക്ബറിന് ഒരു പ്രൊഡ്യൂസറെ കിട്ടി. പെയ്തൊഴിയാതെ എന്നായിരുന്നു സിനിമയുടെ പേര്. അതിന്റെ അസോസിയേറ്റ് ആയി വർക്ക് ചെയ്യാൻ അക്ബർ എന്നെ വിളിച്ചു’
ആ ടെലിഫിലിമിൽ ദിലീപും ഉണ്ടായിരുന്നു. മൂന്ന് ദിവസമൊക്കെയെ ടെലി ഫിലിം ഷൂട്ട് ചെയ്യാൻ പറ്റുള്ളൂ. അത്രയെ ബജറ്റുള്ളൂ. കൊടുങ്ങല്ലൂരാണ് അതിന്റെ ഷൂട്ട്. അതിൽ ഒരു റോൾ കിട്ടണമെന്ന് ദിലീപിന് താൽപര്യം ഉണ്ട്. രവി വള്ളത്തോൾ ആണ് നായകൻ, അന്ന് സീരിയലുകളിൽ അഭിനയിച്ചിരുന്ന അഞ്ജിത എന്ന പ്രസിദ്ധയായ നടി ആണ് നായികാ വേഷം ചെയ്യുന്നത്. ലീല പണിക്കർ എന്നൊരാളാണ് അമ്മ ആയി അഭിനയിക്കുന്നത്.
രവി വള്ളത്തോളിന്റെ സുഹൃത്ത് ആയി ഒരു കഥാപാത്രം വരുന്നുണ്ട്. ഒരു സീനേ ഉള്ളൂ. ആ കഥാപാത്രത്തിന് കുറച്ച് ഡയലോഗ് ആഡ് ചെയ്യാൻ ഞാൻ അക്കു അക്ബറിനെ നിർബന്ധിച്ചു. ആ റോൾ ദിലീപിനാക്കി. അതിന്റെ ആവേശത്തിൽ ദിലീപ് ലൊക്കേഷനിൽ ആദ്യ ദിവസം വന്നിട്ടുണ്ട്.
‘കമൽ സാറാണ് പൂജയ്ക്ക് സ്വിച്ച് ഓണിന് വരുന്നത്. ദിലീപ് ഇത്തിരി കൂടുതൽ ഭവ്യത പ്രകടിപ്പിക്കും. സ്വിച്ച് ഓണിന് മുമ്പ് കർപ്പൂരം കത്തിച്ച് ക്യാമറയിൽ ഉഴിയും. തേങ്ങ കമൽ സാറിന് കൊടുത്തു. സാധാരണ അത് വേറെ ആരെങ്കിലും ചെയ്യേണ്ടതാണ്. കമൽ സർ സ്വിച്ച് ഓൺ ചെയ്താൽ മതി. അപ്പോഴത്തെ അങ്കലാപ്പിൽ തേങ്ങ സാറിന് കൊടുത്തു’
‘കർപ്പൂരം ഉഴിഞ്ഞാൽ തേങ്ങ അടിച്ച് പൊടിക്കണം. തേങ്ങ സാർ അത് എനിക്ക് വേണ്ടി നീട്ടിയപ്പോൾ ദിലീപ് ചാടിച്ചെന്ന് അത് മേടിച്ചു. ആയിക്കോട്ടെ എന്ന് വിചാരിച്ച് ഞാൻ നിന്നു. തേങ്ങ മേടിച്ച് ചുറ്റും നോക്കിയപ്പോഴാണ് അവന് അപകടം മനസ്സിലായത്. കൊടുങ്ങല്ലൂർ ഒരു മണൽ പ്രദേശത്താണ് ഈ വീടുള്ളത്’
‘തേങ്ങയടിക്കാൻ ആ പറമ്പിൽ ഒരു പാറയുടെ കഷ്ണം പോലുമില്ല. ഫുൾ മണലാണ്. തേങ്ങ അടിച്ച് പൊട്ടിച്ചിട്ട് വേണം സ്വിച്ച് ഓൺ ചെയ്യാൻ. ദിലീപ് തേങ്ങയുമായി ഇങ്ങനെ നടക്കുകയാണ്. അവസാന ഒരു ചെറിയ കരിങ്കല്ലിന്റെ കഷ്ണം കണ്ടു. അതിൽ എറിഞ്ഞ് കൊള്ളിക്കണമെങ്കിൽ നല്ല ഉന്നം വേണം’
‘അങ്ങനെ ദിലീപ് കർപ്പൂരം കളഞ്ഞ് കല്ലിലേക്ക് നോക്കി, തേങ്ങ നെഞ്ചത്തോട് ചേർച്ച് കല്ലിന് ഒറ്റ അടി അടിച്ചു. തേങ്ങയുടെ പൂഞ്ഞിനാണ് കൊണ്ടത്. തേങ്ങ പത്തിരുപത് ചാട്ടം ചാടി കറങ്ങി വീണു. അത് വലിയ അപ ശകുനം ആണ്. എല്ലാവർക്കും ചിരി വന്നു. ചിരിക്കാൻ പറ്റില്ലല്ലോ’
‘അവസാനം ദിലീപ് തേങ്ങ പൊട്ടിച്ചപ്പോഴുള്ള എക്സ്പ്രഷൻ അവനിൽ വേറൊരു സിനിമയിലും ഞാൻ കണ്ടിട്ടില്ല. അക്ബർ നെഞ്ചത്ത് കൈ വെച്ചു പറഞ്ഞു, ദുഷ്ടാ ഒരു പത്ത് പതിനഞ്ച് തവണ ആ തേങ്ങ ചാടിയിട്ടുണ്ട്, അത്രയും മാസമെടുക്കുമെന്നാണോ ആ സിനിമ റിലീസ് ചെയ്യാൻ എന്ന്. അത് പോലെ തന്നെ സംഭവിച്ചു. കുറേ വൈകിയാണ് ടിവിയിൽ ടെലികാസ്റ്റ് ചെയ്തത്,’ ലാൽ ജോസ് പറഞ്ഞതിങ്ങനെ.