KeralaNews

തൃശൂരിൽ സിറ്റി പൊലീസ് സ്ഥാപിച്ച ക്യാമറകൾ സഹായിച്ചു; യുവതിയുടെ നഷ്ടപ്പെട്ട ചെയിൻ കണ്ടെത്തി

തൃശൂർ: സിറ്റി പൊലീസിന് കീഴിൽ നഗരത്തിൽ സ്ഥാപിച്ച ക്യാമറ കണ്ണുകൾ യുവതിയുടെ നഷ്ടപ്പെട്ട കൈചെയിൻ കണ്ടെത്താൻ സഹായകരമായി. ചേലക്കര എളനാട് സ്വദേശിനിയായ യുവതിയുടെ ഒരു പവൻ വരുന്ന ചെയിനാണ് തൃശൂർ സിറ്റി പൊലീസ് നഗരത്തിൽ സ്ഥാപിച്ച ക്യാമറ കണ്ണുകളിലൂടെ പരിശോധിച്ചപ്പോൾ തിരികെ ലഭിച്ചത്. 

ചേലക്കരയിൽ നിന്നും സ്വകാര്യ ബസ്സിൽ തൃശ്ശൂരിൽ വന്നിറങ്ങി ഓട്ടോറിക്ഷയിൽ കയറി കൊടകരയിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയാണ് യുവതിയുടെ കൈചെയിൻ നഷ്ടപ്പെട്ടത്. യുവതി ആദ്യം കൊടകര പോലീസ് സ്റ്റേഷനിലാണ് പരാതി പറഞ്ഞത്. എന്നാൽ കൊടകര പൊലീസ് സംഭവം നടന്ന സ്ഥലമായ തൃശൂരിൽ പരാതി നൽകാൻ പറഞ്ഞു. ഉച്ചയോടെ തൃശൂരിൽ എത്തി യുവതി പരാതി നൽകി.

ഉടൻ തന്നെ പൊലീസ് ക്യാമറ സംവിധാനത്തിലൂടെ നടത്തിയ തിരച്ചിലിൽ സ്വകാര്യ ബസ്സിൽ വന്നിറങ്ങിയ യുവതി ഓട്ടോറിക്ഷയിൽ കയറുമ്പോൾ കൈയ്യിൽ ചെയിൻ ഉണ്ടായിരുന്നതായി കണ്ടെത്തി. പിന്നീട് കെ എസ് ആർ ടി സി സ്റ്റാൻഡിൽ ഇറങ്ങി കൊടകരയിലേക്ക് ബസ് കാത്തു നിൽക്കുന്ന സമയത്ത് യുവതിയുടെ കയ്യിൽ ചെയിൻ ഉണ്ടായിരുന്നില്ല.

തുടർന്ന് ഓട്ടോറിക്ഷ കണ്ടെത്താൻ ശ്രമം നടത്തി. ഓട്ടോറിക്ഷ ഡ്രൈവറെ ഫോണിൽ വിളിച്ചപ്പോൾ വണ്ടിയിൽ നിന്നും ചെയിൻ കിട്ടിയിട്ടില്ലന്നാണ് മറുപടി പറഞ്ഞത്. പോലീസ് വീണ്ടും ക്യാമറ പരിശോധിച്ച് നടത്തിയ തെരച്ചിലിനൊടുവിൽ ഓട്ടോറിക്ഷയിൽ തന്നെയാണ് പോയതെന്ന് വ്യക്തമായി. ഉച്ചയോടെ പോലീസ് ഓട്ടോറിക്ഷ ഡ്രൈവറെ ക്യാമറ കൺട്രോൾ റൂമിലേക്ക് വിളിച്ചു വരുത്തി. അപ്പോൾ ഡ്രൈവറുടെ കയ്യിൽ ചെയിനുണ്ടായിരുന്നു. വണ്ടിയിൽ തിരച്ചിൽ നടത്തിയപ്പോൾ ചെയിൻ കണ്ടെത്തിയെന്നാണ് ഡ്രൈവർ പറഞ്ഞത്. ക്യാമറ കൺട്രോൾ ഓഫീസിൽ പൊലീസിന്‍റെ സാന്നിധ്യത്തിൽ സ്വർണം യുവതിക്ക് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker