കൊച്ചി: പറവൂരില്‍നിന്നു രോഗിയുമായി എറണാകുളം ലിസി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് കലൂര്‍ ജങ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പറവൂര്‍ കരിങ്ങാന്തുരുത്ത് മുണ്ടോടി പള്ളത്ത് വിനീത (65) ആണ് മരിച്ചത്.
അപകടത്തില്‍ ആംബുലന്‍സിന്റെ പ്ലാറ്റ് ഫോമിലേക്ക് വീണാണ് മരണം. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് എം.ആര്‍. നാരായണന് കാലിന് പരിക്കേറ്റു. ഡ്രൈവര്‍ ശ്രീകേഷ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടം കണ്ട് ഓടിക്കൂടിയവര്‍ ആംബുലന്‍സ് ഉയര്‍ത്തി, അതേ ആംബുലന്‍സില്‍ ലിസി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വിനീതയുടെ ജീവന്‍ രക്ഷിക്കാനായില്ല
കലൂര്‍ ജങ്ഷന് സമീപമുള്ള യു ടേണിലാണ് ശനിയാഴ്ച വൈകീട്ട് 3.20-ഓടെ അപടമുണ്ടായത്. പറവൂര്‍ ഡോണ്‍ബോസ്‌കോ ആശുപത്രിയില്‍നിന്നു മൂത്രത്തില്‍ പഴുപ്പ് കലശലായതിനെ തുടര്‍ന്നാണ് വിനീതയെ സ്വകാര്യ ആംബുലന്‍സില്‍ കൊണ്ടുവന്നത്. സംഭവത്തില്‍ നോര്‍ത്ത് പോലീസ് ഡ്രൈവര്‍ ശ്രീകേഷിനെ കസ്റ്റഡിയിലെടുത്തു.
യു ടേണിന് സമീപം ഇരുചക്രവാഹനയാത്രികന്‍ പെട്ടെന്ന് കടന്ന് വന്നതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവര്‍ ശ്രീകേഷ് പറഞ്ഞു. ഇയാളെ രക്ഷിക്കാനായി ആംബുലന്‍സ് പെട്ടെന്ന് വെട്ടിക്കുകയും ബ്രേക്കിടുകയും ചെയ്തതോടെയാണ് മറിഞ്ഞതെന്നാണ് ശ്രീകേഷ് പോലീസിന് മൊഴി നല്‍കിയത്.
വിജീഷ് (സിവില്‍ സപ്ലൈസ്), സജീഷ് (ഗള്‍ഫ് ) എന്നിവരാണ് വിനീതയുടെ മക്കള്‍. മരുമക്കള്‍: വിദ്യ, ധന്യ.