‘മോഹൻലാലിന്റെ ആ ഭാഷ ബോറാണ്’, സംവിധായകൻ രഞ്‍ജിത്ത്
കൊച്ചി:സിനിമയിലെ ഭാഷയുടെ കാര്യത്തില്‍ ശ്രദ്ധിക്കാത്ത താരമാണ് മോഹൻലാല്‍ എന്ന് രഞ്‍ജിത്ത്. മോഹൻലാലിന്റെ ഭാഷയ്‍ക്ക് അയാളുടെ താളമുണ്ട്. ഞാൻ എഴുതുന്ന മീറ്റര്‍ മോഹൻലാലിന് കിട്ടാറുണ്ട്. എങ്ങനെ നമ്മളെ അത്ഭുതപ്പെടുത്താമെന്ന് ശ്രമിക്കുന്ന താരമാണ് മമ്മൂട്ടിയെന്നും രഞ്‍ജിത്ത് വ്യക്തമാക്കുന്നു.
ദ ന്യൂ ഇന്ത്യൻ എക്സപ്രസിന് സംവിധായകൻ രഞ്‍ജിത്ത് നല്‍കിയ അഭിമുഖത്തില്‍ നിന്ന്
നമുക്കൊക്കെ ഇഷ്‍ടപ്പെട്ടതാണ് മോഹൻലാല്‍ നായകനായ ചിത്രം തൂവാനത്തുമ്പികള്‍. അതിലെ തൃശൂര്‍ ഭാഷ ബോറാണ്. തിരുത്താൻ മോഹൻലാലും പപ്പേട്ടനും ശ്രമിച്ചിട്ടില്ല. ഭാഷയെ ഇമിറ്റേറ്റ് ചെയ്യാനാണ് ശ്രമിച്ചത്. നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്നൊന്നും പറയുന്നവരല്ല തൃശൂരുകാര്‍.
തൃശൂര്‍ സ്ലാംഗില്‍ എന്തൂട്ടാ എന്നൊക്കെ പറയണം എന്നില്ല, പ്രകടമായിട്ട്. ഇതേ ജയകൃഷ്‍ണൻ ക്ലാരയോട് പപ്പേട്ടന്റെ തന്നെ സാഹിത്യത്തിലാണ് സംസാരിക്കുന്നത്. പക്ഷേ മോഹൻലാലിന്റെ ഭാഷയ്‍ക്ക് അയാളുടേത് തന്നെ ഒരു താളമുണ്ട്. അയാള്‍ കണ്‍വിൻസിംഗായ ഒരു ആക്ടറാണ്.
ബസ് സര്‍വീസ് നടത്തി പരാജയപ്പെട്ട കഥാപാത്രമായും അധോലോക നായകനായും ഗൂര്‍ഖയായും ഒക്കെ മോഹൻലാല്‍ അത് തെളിയിച്ചതല്ലേ. ഞാൻ എഴുതുന്ന മീറ്റര്‍ ലാലിന് കിട്ടുമെന്ന് പറയാറുണ്ട് രണ്‍ജി പണിക്കറൊക്കെ. മോഹൻലാല്‍ കംഫര്‍ട്‍സോണില്‍ നില്‍ക്കാൻ ഇഷ്‍ടപ്പെടുന്നയാളാണ്.
ക്യാമറയില്‍ നൂറുപേരെ ഇടിക്കുന്ന ആളാണ്. ഇപ്പോഴും ലാലിന് ക്രൗഡിന് മുന്നില്‍ വരാൻ മടിയാണ്. അടുപ്പമുള്ളവരുടെയടുത്തേ ലാല്‍ കംഫര്‍ട്ട് ആകൂ. ഇപ്പോള്‍ മാറിയതല്ല. വര്‍ഷങ്ങളായി ലാലിനെ എനിക്ക് അറിയാം. അയാള്‍ അങ്ങനെ ഒരു മനുഷ്യനാണ്.
എന്നാല്‍ മമ്മൂട്ടി ഭാഷയുടെ കാര്യത്തിലും ശ്രദ്ധാലുവാണ്. ചോദിക്കുകയും മനസിലാക്കുകയും ചെയ്യുന്ന. എങ്ങനെ നമ്മളെ അത്ഭുതപ്പെടുത്താമെന്ന് ശ്രമിക്കുന്ന താരമാണ് മമ്മൂട്ടി. ആള്‍ക്കാരുണ്ടാകുന്നതാണ് മമ്മൂട്ടിക്ക് ഇഷ്‍ടം എന്നും സംവിധായകൻ രഞ്‍ജിത്ത് വ്യക്തമാക്കുന്നു.