KeralaNews

ആ തീരുമാനം ഇന്നെടുക്കുന്നു; പ്രശാന്ത് ബ്രോയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ ഞെട്ടി സര്‍ക്കാരും ഉദ്യോഗസ്ഥ വൃന്ദവും;ഐ.എ.എസ് ഉപേക്ഷിയ്ക്കുന്നോ ?

തിരുവനന്തപുരം: ഐഎഎസ് ഉന്നതരുടെ കൊള്ളരുതായ്മക്കെതിരെ പോരാട്ടത്തിന് ഇറങ്ങിയ എന്‍ പ്രശാന്ത് ഐഎഎസ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. ‘ഇന്ന് ആ തീരുമാനം എടുക്കുന്നു’ എന്ന് ഫേസ്ബുക്കില്‍ എഴുതി റോസാപ്പൂക്കള്‍ വിതറിയ ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. #finally, #decision, #itstime, #somethingnewloading തുടങ്ങിയ ഹാഷ്ടാഗിനൊപ്പമാണ് ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്.

പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് പലരും ആശയക്കുഴപ്പത്തിലാണ്. ഏപ്രില്‍ ഒന്നു കൂടി ആയതിനാല്‍ എന്താണ് കലക്ടര്‍ ബ്രോ ലക്ഷ്യമിടുന്നത് എന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്. നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റുകളുമായും രംഗത്തുവരുന്നത്. കടുത്ത തീരുമാനം എടുക്കരുതെന്ന് പറഞ്ഞ് നിരവധി കമന്റുകള്‍ എത്തിയിട്ടുണ്ട്. ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് നല്ലവണ്ണം ആലോചിക്കണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

സംശയ ദുരീകരണത്തിനു വിളിക്കുന്നവരുടെ ഫോണ്‍ എടുക്കുന്നില്ല. ഇതോടെ കളക്ടര്‍ ബ്രോ ഐഎഎസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പോരാടാന്‍ ഇറങ്ങുമോ? എന്ന ചോദ്യം അടക്കം ഉയരുന്നുണ്ട്. അതേസമയം അടുത്ത ചീഫ് സെക്രട്ടറിയായി വരാനിരിക്കുന്നത് എ ജയതിലകിനെയാണ്. പ്രശാന്തിന്റെ ഒന്നാം നമ്പര്‍ എതിരാളിയാണ് ഇദ്ദേഹം. ഇതാണോ പ്രശാന്ത് ഉദ്ദേശിച്ചതെന്നും വ്യക്തമല്ല. അതോ ഏപ്രില്‍ ഫൂള്‍ തമാശയാണോ എന്നുമാണ് അറിയേണ്ടത്. എന്തായാലും പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചുറ്റിത്തിരിയുകയാണ് സോഷ്യല്‍ മീഡിയ.

അതേസമയം ഐഎഎസ് ചേരിപ്പോരില്‍ സസ്‌പെന്‍ഷനിലുള്ള കൃഷിവകുപ്പ് മുന്‍ സെക്രട്ടറി എന്‍.പ്രശാന്തിനെതിരെ അന്വേഷണത്തിനു സര്‍ക്കാര്‍ നടപടി തുടങ്ങിയെന്ന വിധത്തില്‍ വാര്‍ത്ത മലയാള മനോരമയില്‍ രണ്ട് ദിവസം മുമ്പ് വന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിക്കാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ അനുമതിക്കായി കൈമാറിയതായാണ് വാര്‍ത്ത.

ഈ വാര്‍ത്തയില്‍ കുറ്റാരോപണ മെമ്മോയ്ക്കു കൃത്യമായി മറുപടി നല്‍കാതെ ചീഫ് സെക്രട്ടറിയോടു ചോദ്യങ്ങളുന്നയിച്ചു തുടര്‍ച്ചയായി കത്തുകളയയ്ക്കുകയാണു പ്രശാന്ത് ചെയ്തതെന്നായിരുന്നു ചീണ്ടിക്കാട്ടിയത്. എന്നാല്‍, അങ്ങയെല്ലെന്നാണ് പ്രശാന്തമായി അടുത്ത വൃത്തങ്ങള്‍ നല്കിയ വിവരം. തന്റെ മറുപടി പ്രശാന്ത് കൃത്യമായി തന്നെ നല്‍കിയിരുന്നു. അതേസമയം പുതിയ പശ്ചാത്തലത്തില്‍ പ്രശാന്തിനെതിരെ അന്വേഷണം ഉണ്ടാകുമോ എന്നത് കണ്ടറിയേണ്ടതാണ്.

സസ്‌പെന്‍ഡ് ചെയ്യുകയും മെമ്മോ നല്‍കുകയും ചെയ്ത ഘട്ടത്തില്‍ ചീഫ് സെക്രട്ടറിയോടു ചോദ്യങ്ങളുമായി പ്രശാന്ത് രംഗത്തെത്തിയിരുന്നു. അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലക്, വൈറ്റില മൊബിലിറ്റി ഹബ് എംഡി കെ.ഗോപാലകൃഷ്ണന്‍ എന്നിവരെ ലക്ഷ്യമിട്ടു സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടതാണു സസ്‌പെന്‍ഷനില്‍ കലാശിച്ചത്. നവംബറില്‍ സസ്‌പെന്‍ഷനിലായ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ജനുവരിയില്‍ നാലു മാസത്തേക്കു കൂടി സര്‍ക്കാര്‍ നീട്ടിയിരിക്കുകയാണ്.

തെളിവുകള്‍ സഹിതം പ്രശാന്ത് ചൂണ്ടിക്കാട്ടിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിട്ടില്ല. എ ജയതിലകിനെയും ഗോപാലകൃഷ്ണനെയും സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പ്രശാന്തിനെ പുറത്തു നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതേസമയം ചീഫ് സെക്രട്ടറിക്ക് എതിരെ അടക്കം പ്രശാന്ത് വിമര്‍ശനം ഉന്നയിച്ചിരുന്നു.

ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ നീതിയും ന്യായവും കാണുന്നില്ലെന്നും താന്‍ അയക്കുന്ന കത്തുകളും രേഖകളും കാണാതാകുന്നുവെന്നും എന്‍ പ്രശാന്ത് ആരോപിച്ചിരുന്നു. ഇനി ചീഫ് സെക്രട്ടറിക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും കത്തയക്കുകയുള്ളൂവെന്നുമാണ് പ്രശാന്ത് പറയുന്നത്.

സംസ്ഥാന ഉദ്യോഗസ്ഥ തലത്തില്‍ ചേരിപ്പോര് തുടരുമ്പോഴാണ് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം വിരമിക്കുന്നത്. ഇതോടെ ധന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകാന്‍ സാധ്യത കൂടുതലുള്ളത്. എന്‍ പ്രശാന്ത് ഉള്‍പ്പെട്ട ഐഎഎസുകാരുടെ പോരില്‍ ഒരുഭാഗത്തുള്ള ഡോ. ജയതിലക് ചീഫ് സെക്രട്ടറിയാകുന്നത് സംസ്ഥാനത്തെ ഉദ്യോഗസ്ഥ ഭരണത്തെ എങ്ങനെ ബാധിക്കുമെന്നതും ശ്രദ്ധേയമാണ്.

കേരള കേഡറിലുള്ള ഐഎഎസുകാരില്‍, കേന്ദ്ര ഗ്രാമവികസന സെക്രട്ടറി മനോജ് ജോഷിയാണ് ഏറ്റവും സീനിയര്‍. 1989 ബാച്ച് ഐഎഎസുകാരനായ മനോജ് ജോഷിക്ക് കേരളത്തിലേക്ക് മടങ്ങിവരാന്‍ താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി നേരത്തെ രണ്ടു തവണയും സംസ്ഥാനത്ത് പദവി താല്‍പ്പര്യപ്പെട്ടിരുന്നില്ല. രാജസ്ഥാന്‍ സ്വദേശിയായ മനോജ് ജോഷി കേരളത്തിലേക്ക് മടങ്ങിവരാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടോയെന്ന് സര്‍ക്കാര്‍ വീണ്ടും വ്യക്തത വരുത്തും.

ഡോ. ജയതിലക്, പാര്‍ലമെന്ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയി, രചന ഷാ എന്നിവരാണ് 1991 ബാച്ച് ഐഎഎസുകാര്‍. കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തില്‍ സെക്രട്ടറിയായ രചനാ ഷാ കേരളത്തിലേക്ക് വരാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് വിവരം. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഗ്രേഡ് ഇല്ലാത്തതിനാല്‍ രാജു നാരായണ സ്വാമിക്ക് സാധ്യത കുറവാണ്. ജയതിലക് ചീഫ് സെക്രട്ടറി പദവിയിലെത്തിയാല്‍ 2026 ജൂണ്‍ വരെ കാലാവധിയുണ്ട്.

ശാരദ മുരളീധരന്‍, ഇഷിത റോയി എന്നിവര്‍ക്ക് പുറമെ, രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂടി ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കും. കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഏപ്രില്‍ 30 നും പൊതു വിദ്യാഭ്യാസ സെക്രട്ടറി റാണി ജോര്‍ജ് മെയ് 31നും വിരമിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker