വീട്ടുപകരണങ്ങൾ സൗജന്യമായി വാങ്ങാനെത്തിയ ആൾ ഫ്രീസറിൽ കണ്ടത് 16 -കാരിയുടെ തലയും കൈകളും; വീടുവിറ്റത് പെൺകുട്ടിയുടെ അമ്മ, ദുരൂഹത
കൊളറാഡോ:പട്ടണത്തിലെ ഒരു വീട്ടിലെ ഫ്രീസറിൽ മാസങ്ങൾക്ക് മുമ്പ് കണ്ടെത്തിയ തലയും കൈകളും ഏകദേശം 19 വർഷങ്ങൾക്ക് മുമ്പ് കാണാതായതായി സംശയിക്കുന്ന 16 -കാരിയുടേതെന്ന് പൊലീസ്. സംഭവത്തിൽ ദുരൂഹതയേറുകയാണ്.
നടുക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൊളറാഡോയിലെ ഗ്രാൻഡ് ജംഗ്ഷനിൽ നിന്നാണ്. ജനുവരിയിലാണ് പെൺകുട്ടിയുടെ അമ്മ വിറ്റ കൊളറാഡോയിലെ വീടിനുള്ളിലെ ഫ്രീസറിൽ തലയും കൈകളും കണ്ടെത്തിയത്. ഗ്രാൻഡ് ജംഗ്ഷനിലുള്ള മെസ കൗണ്ടി ഷെരീഫിൻ്റെ ഓഫീസിലേക്കാണ് ഒരു പെൺകുട്ടിയുടെ കൈകളും തലയും കണ്ടെത്തി എന്ന് പറഞ്ഞ് വിളിയെത്തിയത്.
പുതിയ ഉടമ വീട്ടിലെ ഉപകരണങ്ങൾ സൗജന്യമായി നൽകുന്നതറിഞ്ഞ് വാങ്ങാനെത്തിയ ഒരാളാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ഒപ്പം പുതിയ ഉടമ അടുത്തിടെയാണ് വീട് വാങ്ങിയത്. അവർക്ക് ഇതിലൊന്നും പങ്കില്ല എന്നാണ് കരുതുന്നത്, അതിനാൽ ആ വീട്ടിൽ പോകാനോ വീട്ടുകാരെ ബുദ്ധിമുട്ടിക്കാനോ ശ്രമിക്കരുത് എന്നും പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഡിഎൻഎ പരിശോധനയിലാണ് തലയും കൈകളും 16 വയസുകാരിയായ അമാൻഡ ഓവർസ്ട്രീറ്റിന്റേതാണ് എന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് പൊലീസ് വിവരം പുറത്തുവിട്ടത്. അതേസമയം, അമാൻഡയെ അവസാനമായി ആരെങ്കിലും കണ്ടത് 2005 -ലാണ് എന്ന വിവരവും പുറത്തുവന്നു. എന്നാൽ, അവളെ കാണാതായതായി ആരും പരാതിയൊന്നും തന്നെ നൽകിയിരുന്നില്ല.
എന്നാൽ, അക്കാലത്തിനിടയിൽ അവൾക്ക് എന്ത് സംഭവിച്ചുവെന്നോ, ആരാണ് അവളെ കൊലപ്പെടുത്തിയത് എന്നോ, എന്തുകൊണ്ടാണ് അവളെ കാണാതായതായി ആരും പരാതി നൽകാതിരുന്നത് എന്നോ ഒന്നും വ്യക്തമല്ല. ആകെ പൊലീസിന് കിട്ടിയിരിക്കുന്ന സൂചന തലയും കൈകളും കണ്ടെത്തിയ ഫ്രീസറുള്ള വീട് അമാൻഡയുടെ അമ്മയാണ് വിറ്റത് എന്നത് മാത്രമാണ്. അന്വേഷണം നടക്കുകയാണ്.