CrimeKeralaNews

ടെക്നീഷ്യൻ പഠനം ഉപയോഗിച്ച് കൊച്ചിയിൽ എടിഎം തകർത്തു, സിസിടിവിയെ കബളിപ്പിച്ചു; പക്ഷേ മലപ്പുറത്തെ 20 കാരൻ പിടിയിൽ

കൊച്ചി: കൊച്ചിയിൽ എ ടി എം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച ഇരുപതുകാരൻ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ പാലത്തിങ്കൽ വീട്ടിൽ ഷഫീറിനെ (20) യാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി പനമ്പിളളി നഗർ മനോരമ ജംഗ്ഷനിലുളള സ്റ്റേറ്റ് ബാങ്ക് എ ടി എം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിലാണ് ഇയാൾ പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ക്യാബിനുളളിൽ കടന്ന രണ്ടുപേർ അലാറം ഓഫ് ചെയ്ത് ഗ്യാസ് കട്ടറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് മെഷീൻ തകർക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബാങ്കിന്റെ മുബൈയിലുളള കൺട്രോൾ റൂമിൽ കവർച്ചയുടെ മുന്നറിയിപ്പ് കിട്ടിയതിനെ തുടർന്ന് ഇവർ കേരള പൊലീസിന് വിവരം കൈമാറി.

ഉടൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും പ്രതികൾ കടന്ന് കളയുകയായിരുന്നു. കൗണ്ടറിലെ സി ഡി എം മെഷീനിന്റെ പകുതി തകർത്ത നിലയിലായിരുന്നു. തുടർന്ന് എറണാകുളം അസിസ്റ്റന്‍റ് കമ്മീഷ്ണർ പി രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

പ്രതികൾ സംഭവ സമയം തൊപ്പി ധരിച്ചിരുന്നതിനാൽ കൗണ്ടറിനുള്ളിലെ സി സി ടി വി ക്യാമറകളിൽ മുഖം കൃത്യമായി കാണാൻ കഴിയാതെ വന്നതിനെ തുടർന്ന് സമീപത്തുളള മുഴുവൻ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിൽ നിന്നും പ്രതികളെ കുറിച്ച് ചെറിയ സൂചന ലഭിക്കുകയായിരുന്നു.

പ്രതികൾ മുൻപ് ഇതേ എ ടി എം കൗണ്ടർ ഉപയോഗിച്ചതാണ് പൊലീസിന് പിടിവള്ളിയായത്. ഇവർ ഉപയോഗിച്ചിരുന്ന കാർഡിന്റെ വിവരങ്ങൾ ശേഖരിച്ച് ആളുകളെ തിരിച്ചറിയുകയായിരുന്നു പൊലീസ്. മൊബൈൽ ലൊക്കേഷനും മറ്റും നിരീക്ഷിച്ച് ഷഫീർ കടവന്ത്ര ഭാഗത്ത് എത്തിയതായി വിവരം ലഭിച്ച എറണാകുളം ടൗൺ സൗത്ത് പൊലീസ് എസ് ഐ ദിനേഷ് ബി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പ്രതിക്കെതിരെ മലപ്പുറം പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ വാഹന മോഷണ കേസ് നിലവിലുണ്ട്. സി സി ടി വി ടെക്നീഷ്യൻ കോഴ്സ് കഴിഞ്ഞിട്ടുളള ഷഫീർ, ആ അറിവ് വച്ചാണ് സുരക്ഷാ അലാറം ഓഫ് ചെയ്തത് എന്ന് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker