ഓണ്‍ലൈന്‍ സുഹൃത്തിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കഴുത്തു മുറിച്ചു കൊന്നു, ജനനേന്ദ്രിയം ഭക്ഷിച്ചു; അധ്യാപകന് ജീവപര്യന്തം
ഫ്രാങ്ക്ഫര്‍ട്ട്: ഓണ്‍ലൈന്‍ സുഹൃത്തിനെ വീട്ടിലേക്കു വിളിച്ചുവരുത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങള്‍ ഭക്ഷിച്ച അധ്യാപകന് ജീവപര്യന്തം തടവു ശിക്ഷ. ജര്‍മനിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മുപ്പതു വര്‍ഷത്തെ സര്‍വീസിനിടയില്‍ ഇത്തരമൊരു കേസ് കൈകാര്യം ചെയ്യേണ്ടിവന്നിട്ടില്ലെന്ന് വിധി പറഞ്ഞ ജഡ്ജി അഭിപ്രായപ്പെട്ടു.
നാല്‍പ്പത്തിരണ്ടുകാരനായ സ്റ്റീഫന്‍ ആറിന് ആണ് ബെര്‍ലിന്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 42കാരനായ സ്റ്റീഫന്‍ ആര്‍ ഡേറ്റിങ് ആപ്പ് വഴിയാണ് സ്റ്റീഫന്‍ ടി എന്നയാളെ പരിചയപ്പട്ടത്. ഇയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മയക്കു മരുന്ന് നല്‍കി ബോധം കെടുത്തി. പിന്നീട് സ്റ്റീഫന്‍ ഇയാളുടെ കഴുത്തു മുറിച്ചു കൊലപ്പെടുത്തി. ജനനേന്ദ്രിയും മുറിച്ചെടുത്തു ഭക്ഷിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
മൃതദേഹം കഷണങ്ങളാക്കി ബെര്‍ലിന്റെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിച്ചു.2020ലാണ് സംഭവം പുറം ലോകമറിയുന്നത്. 2020 നവംബറില്‍ സ്റ്റീഫന്റെ എല്ലിന്‍ കഷണങ്ങള്‍ പാര്‍ക്കില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 43കാരന്റെ മൃതദേഹാവശിഷ്ടമാണെന്ന് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ടയാളുടെ ഫോണ്‍ കോളുകളും മറ്റു രേഖകളും പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
സ്വാഭാവിക മരണമാണ് സ്റ്റീഫന്റേതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. സ്റ്റീഫന്‍ ആറിന്റെ വീട്ടില്‍ വെച്ച് അയാള്‍ മരിക്കുകയായിരുന്നു. എന്നാല്‍ സ്വവര്‍ഗബന്ധം മറ്റുള്ളവര്‍ അറിയുമോ എന്ന് ഭയന്ന് മൃതദേഹം വിവിധ ഭാഗങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് സ്റ്റീഫന്‍ ആറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.