KeralaNews

ടാറ്റ സൺസ് മുൻ ഡയറക്ടർ ആർ.കെ. കൃഷ്ണകുമാർ അന്തരിച്ചു

മുംബൈ: ടാറ്റ സൺസ് മുൻ ഡയറക്ടറും ടാറ്റ ട്രസ്റ്റ് അംഗവുമായ ആർ.കെ. കൃഷ്ണകുമാർ (84) അന്തരിച്ചു. ഞായറാഴ്ച വൈകീട്ട് മുംബൈയിലായിരുന്നു അന്ത്യം. തലശ്ശേരി സ്വദേശിയായ അദ്ദേഹം മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്.

1963-ൽ ടാറ്റ ഗ്രൂപ്പിലെത്തിയ കൃഷ്ണകുമാർ ഗ്രൂപ്പിനുകീഴിലുള്ള ഒട്ടേറെ കമ്പനികളിൽ സുപ്രധാനപദവികൾ വഹിച്ചു. ബ്രിട്ടീഷ് കമ്പനിയായ ടെറ്റ്‌ലി, ഗുഡ് എർത്ത് ടീ, എയ്റ്റ് ഒ’ക്ലോക് കോഫി എന്നിവയെ ടാറ്റ ടീ ഏറ്റെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. വ്യാപാര-വ്യവസായ മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് 2009-ൽ രാജ്യം പദ്മശ്രീനൽകി ആദരിച്ചു.

മാഹി സ്വദേശിയായ അച്ഛൻ സുകുമാരൻചെന്നൈയിൽ പോലീസ് കമ്മിഷണറായിരുന്നു. അമ്മ തലശ്ശേരി മൂർക്കോത്ത് സരോജിനി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ പ്രാഥമികവിദ്യാഭ്യാസം. ലയോള കോളേജിൽനിന്ന് ബിരുദവും പ്രസിഡൻസി കോളേജിൽനിന്ന് ഒന്നാംറാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. 1963-ൽ ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സർവീസസിലൂടെ കർമരംഗത്തെത്തി. 1965-ൽ ടാറ്റ ഗ്ലോബൽ ബിവറേജസിലേക്കു മാറി. ടാറ്റ ഫിൻലേയെ ടാറ്റ ടീയായി റീബ്രാൻഡ് ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ചു. 1982-ൽ സൗത്ത് ഇന്ത്യ പ്ലാന്റേഷൻസിന്റെ വൈസ് പ്രസിഡന്റായി. 1988-ൽ കമ്പനിയുടെ ജോയന്റ് മാനേജിങ് ഡയറക്ടറും പിന്നീട് മാനേജിങ് ഡയറക്ടറുമായി.

1997 മുതൽ 2002 വരെ ഇന്ത്യൻ ഹോട്ടൽ കമ്പനിയുടെ ചുമതലവഹിച്ചു. തുടർന്ന് ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സൺസിൽ ഡയറക്ടർ ബോർഡ് അംഗമായി. പിന്നീട് ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ വൈസ് ചെയർമാനും മാനേജിങ് ഡയക്ടറുമായി. 2007-ൽ സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിൽ അംഗമായി. 2009-ൽ രത്തൻ ടാറ്റയുടെ സ്വകാര്യ നിക്ഷേപ കമ്പനിയായ ആർ.എൻ.ടി. അസോസിയേറ്റ്‌സിന്റെ ചുമതലയേറ്റു. 2013-ൽ ടാറ്റ സൺസിന്റെ ബോർഡിൽനിന്ന് വിരമിച്ചു.

മുംബൈയിലെ ഹോർണിമാൻ സർക്കിൾ ഗാർഡൻസിലെ എൽഫിൻസ്റ്റോണ ബിൽഡിങ്ങിലെ ടാറ്റ ട്രസ്റ്റ് ഓഫീസിലായിരുന്നു പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരുന്നത്. ഭാര്യ: രത്ന. മകൻ: അജിത്. ശവസംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker