KeralaNews

താനൂർ കസ്റ്റഡിമരണം; ഫോറൻസിക് സർജനെതിരെ പോലീസ്, റീപോസ്റ്റുമാർട്ടം സാധ്യത തേടി

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ ഫോറന്‍സിക് സര്‍ജനെ സംശയനിഴലില്‍ നിര്‍ത്തി പോലീസ്. ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവിശ്വാസം രേഖപ്പെടുത്തിയ പോലീസ് റീപോസ്റ്റുമാര്‍ട്ടം സാധ്യത തേടി. താമിര്‍ ജിഫ്രിയുടെ മരണകാരണം ശരീരത്തിലേറ്റ ക്ഷതമെന്ന് ഡോക്ടറെഴുതിയത് തെറ്റാണെന്നും ഫോറന്‍സിക് സര്‍ജനായ ഡോ.ഹിതേഷിന്റെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ് പറയുന്നു.

വിദഗ്ധസംഘം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാണ് പോലീസിന്റെ ആവശ്യം. അമിതതോതില്‍ മയക്കുമരുന്ന് ഉള്ളില്‍ ചെന്നതു മൂലമുണ്ടായ പ്രശ്‌നങ്ങളും നേരത്തെയുണ്ടായിരുന്ന ഹൃദ്രോഗവുമാണ് മരണം സംഭവിക്കാനിടയാക്കിയ പ്രധാനകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. താമിര്‍ ജിഫ്രിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ മയക്കുമരുന്ന് വിഴുങ്ങിയതായി പോലീസും വ്യക്തമാക്കിയിരുന്നു.

ആ സാഹചര്യത്തില്‍ ശരീരത്തിലേറ്റ ക്ഷതവും മരണകാരണമായി ഡോക്ടര്‍ രേഖപ്പെടുത്തിയതെന്തിനാണെന്ന ചോദ്യമാണ് പോലീസ് ഉന്നയിക്കുന്നത്. സാധാരണ ഇത്തരത്തില്‍ മരണകാരണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ആന്തരികപരിശോധനാഫലം പുറത്തുവന്നതിനു ശേഷമാണ്.

പരിശോധനാഫലം പുറത്തു വരുന്നതിന് മുമ്പ് തന്നെ പോലീസിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന രീതിയില്‍ മരണകാരണങ്ങള്‍ രേഖപ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കിയതെന്തിനാണെന്നും പോലീസ് ചോദിക്കുന്നു. ഫോറന്‍സിക് സര്‍ജനെതിരെ വിശദമായ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് തയ്യാറാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുട്ടില്‍ മരംമുറി കേസ് പ്രതികളില്‍ നിന്നും വലിയ തോതില്‍ സമ്മര്‍ദമുണ്ടാകുന്നുവെന്നും അന്വേഷണത്തില്‍ നിന്ന് മാറ്റണമെന്നുമാവശ്യപ്പെട്ട് താനൂര്‍ ഡി.വൈ.എസ്.പി. ബെന്നി
ഡിജിപിയ്ക്ക്‌ കത്തയച്ചിരുന്നു. താമിര്‍ ജിഫ്രിയുടെ മരണവുമായി ബന്ധപ്പെട്ട് താനൂര്‍ എസ്.ഐയുള്‍പ്പടെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

താനൂര്‍ ഡി.വൈ.എസ്.പി. വി.വി. ബെന്നിയാണ് മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയാക്കിയതും കുറ്റപത്രം തയ്യാറാക്കിക്കൊണ്ടിരിക്കുന്നതും. അതിനിടെയാണ് താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മുട്ടിൽ മരം മുറി കേസിലെ പ്രതികളുടെ ഉടമസ്ഥതയിലുള്ള ചാനല്‍ ഡി.വൈ.എസ്.പിയിലേക്ക് വഴി തിരിച്ചു വിടുന്നത്.

ഈ സാഹചര്യത്തിലാണ് താനൂര്‍ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് തന്നെയും സേനയിലെ മറ്റു ഉദ്യോഗസ്ഥരെയും ആക്ഷേപിക്കുകയാണെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്നും അന്വേഷണച്ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്നും വ്യക്തമാക്കി താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചത്. എന്നാല്‍ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ അന്വേഷണോദ്യോഗസ്ഥനെ മാറ്റുന്നത് കേസിന് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിലാണ് പോലീസ് നേതൃത്വം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker