‘സഭാ വിശ്വാസിയായ വീട്ടമ്മയോട് ലൈംഗികചുവയോടെ സംസാരിച്ചു’; ഫാ. ഷൈജു കുര്യനെതിരെ പരാതി
കോട്ടയം: ബിജെപിയിൽ ചേര്‍ന്ന ഫാ. ഷൈജു കുര്യൻ സഭാ വിശ്വാസിയായ വീട്ടമ്മയോട് ലൈംഗികചുവയോടെ സംസാരിച്ചതായി വനിത കമ്മീഷനില്‍ പരാതി. ബിജെപിയിൽ ചേർന്നതിന് ഫാ. ഷൈജുവിനെതിരെ സഭ നടപടിയെടുത്തതിന് പിന്നാലെയാണ് ഇത്തരമൊരു പരാതി കൂടെ ഉയര്‍ന്നിട്ടുള്ളത്.
സംഭവത്തിൽ നിയമനടപടിക്ക് പത്തനംതിട്ട എസ്പിക്ക് നിർദേശം നൽകണമെന്നും പരാതിയിൽ പറയുന്നു. ഫാ. മാത്യൂസ് വാഴക്കുന്നമാണ് ഫാ. ഷൈജു കുര്യനെതിരെയുള്ള പരാതിക്കാരൻ. സ്ത്രീയുടേതായി പ്രചരിക്കുന്ന ശബ്ദരേഖ സഭാ നേതൃത്വത്തിനും വൈദികൻ കൈമാറിയിട്ടുണ്ട്. ഈ ശബ്ദരേഖ ഉൾപ്പെടെ വിവിധ പരാതികൾ കൂടി പരിഗണിച്ചാണ് ഷൈജു കുര്യനെതിരെ സഭ നടപടി എടുത്തിരിക്കുന്നത്.
ഫാ. ഷൈജു കുര്യനെ നിലവിലെ എല്ലാ ചുമതലകളിൽ നിന്നും നീക്കുകയായിരുന്നു സഭാ നേതൃത്വം. ഷൈജു കുര്യനെതിരായ പരാതികൾ അന്വേഷിക്കാൻ കമ്മീഷനേയും നിയോഗിച്ചു. ഇന്നലെ രാത്രിയിൽ ചേർന്ന ഭദ്രാസന കൗൺസിലിന്റേതാണ് തീരുമാനം. ഓർത്തഡോക്സ് സഭ അധ്യക്ഷൻ നിയോഗിക്കുന്ന കമ്മീഷൻ പരാതികൾ അന്വേഷിക്കും. രണ്ടു മാസത്തിനുള്ളിൽ കമ്മീഷൻ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് നൽകുവാനും തീരുമാനമായി.
അതേസമയം, നടപടിയിൽ പ്രതികരണവുമായി ഫാ. ഷൈജു കുര്യൻ രംഗത്തെത്തി. തന്റെ അഭ്യർത്ഥന പ്രകാരമാണ് സഭാനേതൃത്വം അവധി അനുവദിച്ചതെന്ന് ഷൈജു കുര്യൻ പ്രതികരിച്ചു. താൻ കൂടി ആവശ്യപെട്ടിട്ടാണ് അന്വേഷണമെന്നും ഷൈജു കുര്യൻ പറഞ്ഞു. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേർ അംഗത്വം എടുത്തിരുന്നു.
ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നതിൽ പരസ്യപ്രതിഷേധുമായി ഓർത്തഡോക്സ് സഭാ വിശ്വാസികൾ രംഗത്തെത്തിയിരുന്നു. റാന്നിയിലെ അരമനയ്ക്ക് മുന്നിൽ പ്രതിഷേധവുമായി വൈദികർ ഉൾപ്പെടെ എത്തിയതോടെ ഭദ്രാസന കൗൺസിൽ യോഗം മാറ്റിയിരുന്നു.
റാന്നി ഇട്ടിയപ്പാറയിലെ ഓർത്തഡോക്സ് സഭാ നിലയ്ക്കൽ ഭദ്രാസനത്തിന് മുന്നിലാണ് വിശ്വാസികൾ പ്രതിഷേധിച്ചത്. ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിലിരുന്ന് ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കില്ലെന്ന് വൈദികരടക്കം വിശ്വാസികൾ പറഞ്ഞിരുന്നു.
ബിജെപിയിൽ ചേർന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ ക്രിമിനൽ കേസുകളിൽ അടക്കം ഉടൻ പ്രതിയാകും. അതിനെ പ്രതിരോധിക്കാൻ കൂടിയാണ് ബിജെപിയിൽ പ്രവേശനമെന്നാണ് ആരോപണം. ഓർത്തഡോക്സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസന ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ സഭാ അധ്യക്ഷന് പരാതി നൽകിയിരുന്നു. നടപടി വന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാദറിനെതിരെ നടപടിയുണ്ടായത്.