InternationalNews

രണ്ടു പതിറ്റാണ്ട് നീണ്ട ചോരക്കളിയ്ക്ക് അന്ത്യം,സമാധാന കരാറില്‍ ഒപ്പിട്ട് അമേരിക്കയും താലിബാനും

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ മുപ്പതോളം രാജ്യങ്ങളിലെ പ്രതിനിധികളെ സാക്ഷികളാക്കി സമാധാന കരാറില്‍ ഒപ്പിട്ട് അമേരിക്കയും താലിബാനും. പതിനെട്ട് വര്‍ഷം പിന്നിട്ട സംഘര്‍ഷങ്ങള്‍ക്കാണ് സമാധാനക്കരാറോടെ അന്ത്യമാവുന്നത്. സഖ്യസേനയെ പതിനാല് മാസങ്ങള്‍ക്കുള്ളില്‍ അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കും. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും താലിബാന്‍ നേതാക്കളുമാണ് കരാറില്‍ ഒപ്പുവച്ചത്. ന്യൂയോര്‍ക്കില്‍ 2001 സെപ്തബറില്‍ നടന്ന അക്രമണത്തിന് പിന്നാലെയാണ് അമേരിക്ക അഫ്ഗാനിസ്ഥാനെ ആക്രമിച്ചത്.

2400ഓളം അമേരിക്കന്‍ സൈനികരാണ് ഇതിനോടകം അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. 12000 അമേരിക്കന്‍ സൈനികരാണ് നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ളത്. കരാര്‍ ഒപ്പിടുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. പ്രസിഡന്റ് അഷ്റഫ് ഗനിയുമായി കൂടിക്കാഴ്ച്ച നടത്തിയ അദ്ദേഹം രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണ അറിയിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് അഷ്റഫ് ഗനിക്ക് കൈമാറുകയും ചെയ്തു. രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന പിന്തുണയില്‍ നന്ദി അറിയിക്കുന്നതായി അഷ്റഫ് ഗനി പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാന്‍ വൈസ് പ്രസിഡന്റ് അംറുള്ള സലേഹ്, വിദേശകാര്യ മന്ത്രി ഹാറൂണ്‍ ചകന്‍സുരി തുടങ്ങിയവരുമായും ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല കൂടിക്കാഴ്ച്ച നടത്തിയിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button